
മേഘാലയയിൽ സർക്കാർ ആശുപത്രിയിലെ ടോയ്ലറ്റിൽ യുവതി പ്രസവിച്ചു. ജന്മം നല്കി നിമിഷങ്ങൾക്കകം കുഞ്ഞ് മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് നവജാത ശിശു മരിച്ചതെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. മേഘാലയയിലെ റി-ഭോയ് ജില്ലയിൽ സിവിൽ ആശുപത്രിയിലെ ടോയ്ലറ്റിൽ ആണ് യുവതി പ്രസവിച്ചത്.
ഉംഡെൻ ദിവോണ നിവാസിയായ മൊണാലിസ ലാംഗി എന്ന യുവതിയെ ശനിയാഴ്ച പുലർച്ചയോടെയാണ് പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ആദ്യം ഉംഡെൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കെത്തിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ സിവിൽ ആശുപത്രിയിലെത്തിച്ച യുവതിക്ക് ആശുപത്രി അധികൃതർ പ്രാഥമിക വൈദ്യ സഹായം നൽകി.
വൈകുന്നേരത്തോടെ യുവതിക്ക് വീണ്ടും കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് വേദന ഒഴിവാക്കാനുള്ള ഗുളിക ആശുപത്രിയിൽ നിന്നും നൽകിയതായി ഭർത്താവ് റിച്ചാർഡ് റിംപൈറ്റ് പറഞ്ഞു. പക്ഷേ യുവതിക്ക് വേദന മാറിയില്ല. വൈകുന്നേരം ആറ് മണിയോടെ ടോയ്ലറ്റിൽ പോയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ടോയ്ലറ്റിനുള്ളിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. എന്നാല്‍ സംഭവത്തിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല.






