
തൃശൂര്‍: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എഡിജിപിയെ വിടാതെ സിപിഐ. 'ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ച അന്വേഷണ റിപ്പോര്‍ട്ട്' എന്ന പേരില്‍ സിപിഐ മുഖപത്രമായ ജനയുഗം പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. തൃശൂര്‍ പൂരം പ്രശ്നമായ സമയത്ത്് എഡിജിപി എം ആര് അജിത് കുമാര്‍ തൃശൂരില്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നാണ് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. എഡിജിപി സമര്‍പ്പിച്ചിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് വസ്തുതകളെ പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ വിസമ്മതിക്കുന്നതായി വേണം മനസിലാക്കാനെന്നും സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ഉണ്ടാക്കുന്നതായും പറഞ്ഞിട്ടുണ്ട്. തൃശൂര്‍ പൂരത്തിന്റെ ചുമതല മുഴുവന്‍ ജൂനിയറായ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് ശരിയല്ല. റവന്യു മന്ത്രിയുടെ പോലും യാത്രാ സൗകര്യം നിഷേധിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് വഴിയൊരുങ്ങിയത് സംശയകരമാണ്.
സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണ്. അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിയതില്‍ അടക്കം ദുരൂഹതയുണ്ട്. അട്ടിമറിയും ഗൂഢാലോചനയും ഇല്ലെങ്കില്‍ വസ്തു നിഷ്ഠമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു.






