
കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുന്നതിന് തടസ്സഹര്‍ജി നല്കി അതിജീവിത. സിദ്ദിഖിനെതിരെയുള്ള നിലപാട് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നടന്റെ ജാമ്യാപേക്ഷക്കെതിരെ സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി നല്‍കിയേക്കുമെന്ന് സൂചന. അതേസമയം കേസില്‍ ഒളിവില്‍ പോയിരിക്കുന്ന സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന തുടരുകയായിരുന്നു.
നിയമതടസമില്ലെന്നും സുപ്രീം കോടതി തീരുമാനം വരുന്നതുവരെ അറസ്റ്റിനു കാത്തിരിക്കേണ്ടെന്നും പോലീസില്‍ അഭിപ്രായമുണ്ട്. പരാതി നല്കാന് കാലതമാസമുണ്ടായെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ഉയര്‍ത്തിയ പ്രധാനവാദം. എന്നാല്‍ ഈ വാദം കോടതി തള്ളിയിരുന്നു. പരാതിക്കാരിക്കെതിരേ വ്യക്തിഹത്യ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സിനിമയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും പരാതിക്കാരിയും സിദ്ദിഖും സംഭവദിവസം മാസ്കറ്റ് ഹോട്ടലില്‍ എത്തിയതിന്റെയും തെളിവുകളും അനേ്വഷണ സംഘത്തിനു ലഭിച്ചിരുന്നു. സാഹചര്യത്തെളിവുകള്‍ സിദ്ദിഖിന് എതിരായിരുന്നു. തുടര്‍ന്നാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. സര്‍ക്കാരിനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന് കോടതിയില്‍ ഹാജരായി.
ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചെന്നും അവിടെ ചെന്നപ്പോള്‍ പൂട്ടിയിട്ടു ലൈംഗികമായി ഉപദ്രവിച്ചെന്നുമാണു നടിയുടെ പരാതി. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.






