
ബന്‍ജുള്‍: സ്ഥാനമെഴിഞ്ഞ ഗാംബിയന്‍ മുന്‍ പ്രസിഡന്റ യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോടിഷ്ടിച്ച് നാടുവിട്ടെന്ന് പുതിയ പ്രസിഡന്റ അദമാ ബാരോ. ഖജനാവ് ഇപ്പോള്‍ ശൂന്യമാണെന്നും ഇത് ധനകര്യമന്ത്രാലയവും സെന്‍ട്രല്‍ ബാങ്കും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മെ ഭൂരിപക്ഷം ലഭിക്കാതെ തോറ്റു. ഇതോടെയാണ് 22 വര്‍ഷക്കാലം നീണ്ട ഭരണത്തില്‍ നിന്നും ജമ്മെയുടെ അധികാരം തെറിച്ചത്. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാന്‍ തയ്യാറാവാതിരുന്ന ജമ്മെ സ്ഥാനമൊഴിയാനും തയ്യാറല്ലായിരുന്നു. ഇതെതുടര്‍ന്ന് ഗാംബിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് ഗിനിയുടെയും മൗറീറ്റാനിയുടെയും പ്രസിഡന്റുമാരുമായും നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ജമ്മെ നിര്‍ബന്ധിതനായത്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ പ്രസിഡന്റ അദമാ ബാരോ സത്യപ്രതിജ്ഞ ചെയ്തത്.
ഖജനാവിലെ സമ്പത്തും ആഡംബരവാഹനങ്ങളും വെള്ളിയാഴ്ച രാത്രി ചരക്കുവിമാനത്തില്‍ കയറ്റി വിട്ട ശേഷം ശനിയാഴ്ചയാണ് ജമ്മെ നാടുവിട്ടത്.






