
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവരികയും പിന്നീട് മാറ്റിവെയ്ക്കുകയും ചെയ്യേണ്ടി വന്ന മൂന്ന് കര്ഷകനിയമവുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനം നടത്തുകയും മാപ്പുപറയുകയും ചെയ്ത നടിയും ബിജെപി എംപിയുമായ കങ്കണാറാണത്തിന് തന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നും വീണ്ടും വിമര്‍ശനം. നടിയുടെ മാപ്പു പറച്ചിലുകൊണ്ടൊന്നും പഞ്ചാബില്‍ ബിജെപിയ്ുടെ കളങ്കം സംഭവിച്ച ഇമേജിന് മാറ്റം വരില്ലെന്നാണ് ബിജെപിയുടെ ദേശീയ വക്താവ് ജെയ്വീര് ഷെര്‍ഗില്‍ പറയുന്നത്.
അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പ്രസ്താവനകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബുമായുള്ള ബന്ധത്തെ ആരും വിലയിരുത്തരുതെന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തേ ബിജെപി സര്‍ക്കാര്‍ മാറ്റിവെച്ച മൂന്ന് കാര്‍ഷികനിയമങ്ങള്‍ തിരിച്ചു കൊണ്ടുവരണമെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. സ്വന്തം പാര്‍ട്ടിപോലും കൈവിടുന്ന സാഹചര്യത്തില്‍ കങ്കണ തന്നെ ഒടുവില്‍ അത് തന്റെ മാത്രം വ്യക്തിപരമായ നിലപാടാണെന്ന് പറഞ്ഞ് മാപ്പു പറയുകയും ചെയ്തിരുന്നു.
അതേസമയം കങ്കണാറാണത്തിന്റേത് പോലെയുള്ള കമന്റുകളില്‍ നിന്നും ബിജെപി അകന്നു നില്‍ക്കണമെന്നും ഷെര്‍ഗില്‍ പറഞ്ഞു. ഒരു പഞ്ചാബി എന്ന നിലയില്‍ സിഖ് സമൂഹത്തെക്കുറിച്ച് പറഞ്ഞതും പഞ്ചാബിലെ കര്‍ഷകരെക്കുറിച്ച് പറഞ്ഞതും ഉള്‍പ്പെടെ കങ്കണയുടെ അടിസ്ഥാനമില്ലാത്തതും മണ്ടത്തരവുമായ പ്രസ്താവനകള്‍ പഞ്ചാബില്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതി ലക്ഷ്യമിട്ടുള്ള കാര്യങ്ങള്‍ക്കും കേടു വരുത്തുന്നതാണ്. പഞ്ചാബിന്റെ വികസനത്തിനായി അനേകം കാര്യങ്ങളാണ് പ്രധാനമന്ത്ര നരേന്ദ്രമോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
അതേസമയം പഞ്ചാബുമായി പ്രധാനമന്ത്രിക്കുള്ള മികച്ച ബന്ധത്തിന് ഒരു സംശയവുമില്ല. അത് ഇളക്കാനോ തകര്‍ക്കാനോ കഴിയാത്തതാണ്. അതിനെ കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവന കൊണ്ട് സംശയിക്കപ്പെടുകയോ വിലയിരുത്തുകയോ ചെയ്യപ്പെടത്തില്ലെന്നും പറഞ്ഞു. കഴിഞ്ഞദിവസം ബിജെപിയുടെ മറ്റൊരു വക്താവായ ഗൗരവ് ഭാട്ടിയയും കങ്കണയ്ക്ക് എതിരേ രംഗത്ത് വന്നിരുന്നു. കര്‍ഷകബില്ലില്‍ കങ്കണ നടത്തിയത് അവരുടെ മാത്രം അഭിപ്രായമാണെന്നും ബിജെപിയുടേതല്ലെന്നും പറഞ്ഞു.






