
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്ക്കുന്ന താരമാണ് മഞ്ജുവാര്യര്‍. ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് മഞ്ജുവാര്യര്‍. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലെത്തിയപ്പോഴും മഞ്ജുവാര്യരെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തിരിച്ചുവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ശ്രദ്ധ നേടുന്നുണ്ട്. താരം ഇതുവരെ ചെയ്ത രണ്ടു തമിഴ് സിനിമകളും സൂപ്പര്‍ഹിറ്റാണ്. രജനികാന്ത് നായകനായി എത്തിയ വേട്ടെയാനാണ് മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം. സിനിമയില്‍ നടി അഭിരാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് അഭിരാമി. ആളുകളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്നാണ് അഭിരാമി പറയുന്നത്.
‘‘എടുത്ത് പറയേണ്ടത് ഓഡിയോ ലോഞ്ചില്‍ അവർ സംസാരിച്ച രീതിയാണ്. അത്രയും ഗ്രേസുള്ള സ്ത്രീയാണ്. എങ്ങനെയാണ് ഇത്രയും ഗ്രേസ് ഒരു സ്ത്രീക്കുണ്ടാകുന്നത്. എല്ലാ പെണ്‍കുട്ടികളും റോള്‍ മോഡലാക്കേണ്ട ഗുണങ്ങളെല്ലാം അവരിലുണ്ട്. അങ്ങനെയുള്ള സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടാകുമ്പോള് അവരെ കണ്ട് അവരെ പോലെയാകണമെന്ന ആഗ്രഹം നമുക്ക് വരും. അങ്ങനെയുള്ള സ്ത്രീയാണവർ. ഓണ്‍ സ്ക്രീനില്‍ മാത്രമല്ല. ഓഫ് സ്ക്രീനിലും. തമാശ പറഞ്ഞ് കളിച്ച് ചിരിച്ചിരിക്കും. പക്ഷെ വർക്കില്‍ വളരെ ഡെഡിക്കേറ്റാണ്.
ഞാനവരെ പരിചയപ്പെടുമ്പോള്‍ എനിക്ക് 16 വയസേയുണ്ടാവൂ. അവർക്കന്ന് 23-24 വയസുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്ക്കുന്നു. അപ്പോള്‍ പോലും അവർ ഒരു റൂമിലേക്ക് വരുമ്പോള്‍ എനർജി മാറും. അതിന് കഴിയുന്ന വളരെ കുറച്ച് പേരേയുള്ളൂ. സിനിമാ രംഗത്തേക്ക് അവർ തിരിച്ച് വന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
ഇങ്ങനെയുള്ളവർ തിരിച്ച് വരുമ്പോള്‍ ഇവർക്ക് വേണ്ടി റോളുകള്‍ എഴുതണമെന്ന് എഴുത്തുകാർക്കും സംവിധായകർക്കും തോന്നും. അവർ നിലനില്‍ക്കുന്നത് കൊണ്ട് സിനിമ മെച്ചപ്പെടുന്നു. അവർക്ക് പറ്റിയ കഥാപാത്രങ്ങളുണ്ടെങ്കിലേ അവർക്കരികില്‍ കൊണ്ട് പോകാൻ പറ്റൂ. അതിനാല്‍ നല്ല കഥാപാത്രങ്ങള്‍ എഴുതപ്പെടും....’’ അഭിരാമി പറഞ്ഞു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അഭിരാമിയെക്കൂടാതെ ഫഹദ് ഫാസില്‍, റാണ ദഗബുതി, ദുഷാര വിജയൻ, ഋതിക സിംങ് തുടങ്ങിയ വലിയ താര നിര വേട്ടെയാനില്‍ അണിനിരന്നിട്ടുണ്ട്. ഒക്ടോബർ പത്തിന് സിനിമ റിലീസ് ചെയ്യും. വേട്ടെയാനില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും മാസ് മസാല രജിനികാന്ത് ചിത്രം മാത്രമല്ല സിനിമയെന്നും അഭിരാമി പറയുന്നുണ്ട്.
മഞ്ജു വാര്യരെ പോലെ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അഭിരാമിയും സിനിമാ രംഗം വിട്ട് വിദേശത്തേക്ക് പോയത്. വർഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരവ് നടത്തിയ നടി ഇന്ന് സിനിമാ രംഗത്ത് സജീവമാണ്. അടുത്തിടെ റിലീസ് ചെയ്ത വിജയ് സേതുപതി നായകനായ മികച്ച വിജയം നേടിയ മഹാരാജ എന്ന തമിഴ് ചിത്രത്തില്‍ മികച്ച വേഷം അഭിരാമി ചെയ്തിരുന്നു. മലയാളത്തില്‍ ഗരുഡൻ എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ പ്രേക്ഷകർ കണ്ടത്.






