
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ പരാതി നൽകിയതിന് ശേഷം പോലീസ് തന്റെ പുറകെയാണെന്ന് പിവി അൻവർ . കഴിഞ്ഞദിവസം രാത്രി രണ്ടുമണി വരെ പോലീസുകാര് തന്റെ വീടിന് സമീപത്ത് വന്നിരുന്നു.
എപ്പോഴും തുറന്ന് കിടക്കുന്ന ഗേറ്റാണ് തന്റെ വീടിന്റേത്. ഫോൺ ചെയ്യുമ്പോൾ രാത്രി വീടിന് പുറത്ത് പൊലീസുകാരെ കണ്ടു. ഇവിടെ നിന്ന് പോലും പോലീസ് തന്നെ പിടിച്ചുകൊണ്ടുപോകുമോ എന്നറിയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി പ്രവർത്തകർക്കിടയിൽ പോലീസിനെതിരെ വലിയ അതൃപ്തിയുണ്ട്. സാധാരണ പാർട്ടി പ്രവർത്തകർക്ക് പൊതുപ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്ക് സാധാരണക്കാരുടെ ഒരു വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാനാവുന്നില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാൽ രണ്ടടി കൂടി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന അവസ്ഥാവിശേഷമാണ് കേരളത്തിലുള്ളത്. ഇതിനെല്ലാം മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും ആ നയത്തിൽ നിന്ന് മാറിയിട്ടില്ലെന്നും പിവി അൻവർ വ്യക്തമാക്കി.






