
സേലം: തൃശൂരില്‍ നടന്ന എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാമക്കല്‍ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും ഇവരെ ഹാജരാക്കുക. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. കേരളാ പോലീസ് പ്രതികളെ വിട്ടുകിട്ടാന്‍ വാറന്റ് സമര്‍പ്പിച്ചേക്കും. തൃശൂരിലെ മൂന്ന് എടിഎമ്മുകളില്‍ മോഷണം നടത്തിയ ശേഷം പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കവേയാണ് നാമക്കലില്‍ വെച്ച് പിടിയിലായത്. പിടിയിലായ ആറുപേരും ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരാണ്. ഒരാള്‍ കൊല്ലപ്പെട്ടു.
കുറ്റകൃത്യം നടത്താന്‍ പ്രതികള്‍ കേരളത്തില്‍ എത്തിയത് പല സംഘങ്ങളായിട്ടായിരുന്നു. രണ്ടുപേര്‍ വിമാനത്തിലും മൂന്ന് പേര് കാറിലും രണ്ടുപേര്‍ ട്രക്കിലുമായിരുന്നു എത്തിയത്. വെടിയേറ്റത് ട്രക്ക് ഡ്രൈവറായ അസീര്‍ അലിക്കായിരുന്നു. മുഹമ്മദ് ഇക്ര എന്നയാളാണ് മോഷണത്തിന്റെ ആസൂത്രകന്‍. സബീര്കാന്തും സൗകിനുമാണ് വിമാനത്തില്‍ കേരളത്തില്‍ എത്തിയത്. സുമാനുദ്ദീന്‍ മുബാറക്, സഫീര്‍ഖാന്‍ എന്നിവരാണ് മറ്റു മൂന്ന് പേര്. ഇവരില്‍ മുബാറക്കിന് ഒന്നുമറിയുമായിരുന്നില്ല. ഇയാളുടെ പേരില്‍ മറ്റു കേസുകളുമില്ല.
ഏത് എ.ടി.എം കവര്‍ച്ച ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഏറ്റുമുട്ടലില്‍ സുമാനുദ്ദീന്‍ കൊല്ലപ്പെടുകയും ചെയ്തു. എടിഎം തകര്‍ക്കാന്‍ പ്രതികള്‍ക്ക് പ്രായോഗിക പരിശീലനം കിട്ടിയിട്ടുെണ്ടന്നും പൊലീസ് കരുതുന്നു. ബാങ്കുകളിൽ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകള്‍ ലേലത്തില്‍ വിളിച്ചെടുത്ത് അതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പരിശീലനം നേടിയിട്ടുള്ളവരാെണന്നാണ് േപാലീസ് കരുതുന്നത്. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയിക്കുന്നത്. 10 മിനിറ്റില്‍ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ എടിഎം കവര്‍ച്ച നടത്താന്‍ ഇവര്‍ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. 20 കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് എടിഎം കൗണ്ടറുകളില്‍ നടത്തിയ മോഷണത്തില്‍ 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. പുലര്‍ച്ചെ 2.10 നാണ് ആദ്യ മോഷണം.
മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്തു. 33 ലക്ഷം രൂപമോഷ്ടിച്ചു. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പൊലീസിന് കിട്ടി. 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തിയപ്പോള്‍ കൊള്ളസംഘം കിലോമീറ്ററോളം പോയി മറ്റൊരു കവര്‍ച്ച പ്ലാന്‍ നടപ്പാക്കിയിരുന്നു. പുലര്‍ച്ചെ 3.02 ന് കൊള്ളസംഘം നേരെ തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. അതേ കാറില്‍ കോലഴിയിലേക്ക് പോയി. എടിഎം കൗണ്ടറിലുള്ള സിസിടിവി സ്പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയില്‍ നിന്ന് 25.8 ലക്ഷം രൂപ കവര്‍ന്നു.
ഇതിനകം മോഷ്ടാക്കളെക്കുറിച്ച് വിവരം കിട്ടിയ പോലീസ് വെള്ള കാറിനെ തേടി തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കൂട്ടത്തോടെ പരിശോധന നടത്തുമ്പോള്‍ പാലക്കാട് അതിര്‍ത്തിയില്‍ കാത്തുനിന്ന കണ്ടെയ്നര്‍ ലോറിക്കുള്ളിലേക്ക് വെള്ളക്കാര്‍ കയറ്റി. മോഷണ സംഘം കേരളം വിട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു.
കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പരിശോധന ഊര്‍ജിതമായി. കണ്ടെയ്നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷന് ബൈപാസില്‍ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിമ്പോള്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കാന ഇടയാി ഇടിച്ചു തെറിപ്പിച്ചു.
തുടര്‍ന്ന് പോലീസ് വീണ്ടും ചേസ് ചെയ്യുമ്പോള്‍ സന്യാസിപ്പെട്ടിയില്‍ വച്ച് വാഹനം നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. മുന്നില്‍ 4 പേര് ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അപ്പോഴൊന്നും എടിഎം മോഷണ സംഘമാണെന്ന പൊലീസ് അത്രകണ്ട് സംശയിച്ചിരുന്നില്ല. വഴിയില്‍ വച്ച് ലോറിയുടെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് പൊലീസിന് സംശയം തോന്നി. ലോറി നിര്‍ത്തി തുറന്നു പരിശോധിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും 2 പേരും ഉണ്ടെന്ന് കണ്ടത്.
കണ്ടെയ്നറിന് ഉള്ളില്‍ ഉള്ളവര്‍ പുറത്തേക് ഓടാന്‍ ശ്രമിച്ചു. അവരെ കീഴ്പ്പെടുത്തി. ഇതിനിടയില്‍ ഡ്രൈവര്‍, പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അയാളെ വെടി വച്ച് വീഴ്ത്തുകയും ചെയ്തു.






