
തിരുവനന്തപുരം : മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രൻ മാറുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനത്തിന്റെ് പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്ന ചർച്ചയ്ക്കിടെയാണ് പിസി ചാക്കോ നിലപാട് വ്യക്തമാക്കിയത്. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ മൂന്നു നേതാക്കളോടും നിർദേശിച്ചത്.
ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പി.കെ രാജൻ മാസ്റ്ററെ നേരത്തെ ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തിയിരുന്നത്. ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയായിരുന്നു ശശീന്ദ്രന്റെ മറുപടി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രൻ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം നൽകുന്നു. കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രൻ പക്ഷം പവാറിന് കത്ത് നൽകിയിട്ടുണ്ട്. നടപടി പിൻവലിച്ചില്ലെങ്കിൽ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ്നീക്കം.
പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവർ തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല. പിബി യോഗത്തിനുശേഷം 29നേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തൂ. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിന്റെയും നീക്കം ഇനിയും ഫലം കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക.






