
ചണ്ഡീഗഡ്: ആധുനിക ഹരിയാനയുടെ ശില്‍പ്പിയായ ബന്‍സിലാലിന്റെ കുടുംബാംഗങ്ങള്‍ തമ്മില്‍ നടന്ന തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ പേരമകള്‍ക്ക് വിജയം. ബന്‍സിലാലിന്റെ തട്ടകമായിരുന്ന തോഷാം മണ്ഡലത്തിലായിരുന്നു മക്കളുടെ മക്കള്‍ ഏറ്റുമുട്ടിയത്. മകന് സുരേന്ദ്ര സിങ്ങിന്റെയും മകളും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ശ്രുതി ചൗധരി(49)യാണ് ഇവിടെ വിജയക്കൊടി പാറിച്ചത്.
മറ്റൊരുമകന് രണ്‍ബീര്‍ സിങ് മഹേന്ദ്രയുടെ മകന് അനിരുദ്ധ് ചൗധരിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ശ്രുതിയുടെ അമ്മ കിരണ്‍ ചൗധരി നാലു വട്ടം പ്രതിനിധീകരിച്ച മണ്ഡലമാണ് തോഷാം. ബി.ജെ.പി. രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ കഴിഞ്ഞ മാസമാണ് കിരണ്‍ തോഷാം എം.എല്‍.എ സ്ഥാനമൊഴിയുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭുപിന്ദര്‍ സിങ് ഹൂഡയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണിലാണ് കിരണും ശ്രുതിയും ബി.ജെ.പിയില്‍ ചേരുന്നത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2005 ല്‍ രാഷ്ട്രീയത്തിലിറങ്ങിയ ശ്രുതി, 2009 മുതല്‍ 2014 വരെ ഭിവാനിയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനിരുദ്ധ് ചൗധരിയാകട്ടെ ബി.സി.സി.ഐ. ട്രഷര്‍, ഹരിയാനാ ക്രിക്കറ്റ് അസോസിയേഷന് ഹോണററി സെക്രട്ടി സ്ഥാനമടക്കം വഹിച്ചിട്ടുണ്ട്. 2009 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായും പ്രവര്‍ത്തിച്ചു. ബി.സി.സി.ഐ. ട്രഷററായിരിക്കെ ഒട്ടനവധി ആരോപണങ്ങളും അനിരുദ്ധിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ഭിവാനി ജില്ലയുടെ ഭാഗമാണ് തോഷാം മണ്ഡലം ബന്‍സിലാല്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്. മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ബന്‍സിലാല്‍ അഞ്ചു വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ പ്രതിരോധം, റെയില്‍വേ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും ബന്‍സിലാല്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ശ്രുതി ചൗധരി(ബി.ജെ.പി): 76414 വോട്ടുകള്‍ നേടിയപ്പോള്‍ അനിരുദ്ധ് ചൗധരി(കോണ്‍ഗ്രസ്)ക്ക് നേടാനായത് 62157 വോട്ടുകളായിരുന്നു.






