
തിരുവനന്തപുരം: എഡിജിപി ആര്‍എസ്എസ് ബന്ധത്തിന് പിന്നാലെ തൃശൂര്‍ പൂരം കലക്കലിലും അടിയന്തിര പ്രമേയത്തിന് നീക്കം നടത്തി പ്രതിപക്ഷം. ഇന്ന് നിയമസഭയില്‍ ഈ വിഷയം ഉയര്‍ത്താന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. എഡിജിപിയെ ആയുധമാക്കിയാകും ഈ നീക്കവും നടത്തുക. പക്ഷേ ഇന്നലെ നിയമസഭയില്‍ നിന്നും വിട്ടുനിന്ന മുഖ്യമന്ത്രി ഇന്നുണ്ടാകുമെന്ന് വ്യക്തതയില്ല.
പൂരം കലക്കലിലും എഡിജിപി എം ആര് അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷം ഉയര്‍ത്താന്‍ പോകുന്ന പ്രധാന ആക്ഷേപം. പൂരം കലക്കലില്‍ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും ഉന്നയിക്കും. എന്നാല്‍ തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ച്ച അടക്കം ഉയര്‍ത്തിയാകും ഭരണപക്ഷ പ്രതിരോധം. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയെ മാറ്റണമെന്ന വാദം ഉന്നയിച്ചവരില്‍ മറ്റൊരു പ്രധാനികള്‍ സിപിഐ ആയിരിക്കും. പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും.
നിയമസഭാ സമ്മേളനം തുടങ്ങിയത് മുതല്‍ എഡിജിപി വിഷയം ഉയര്‍ത്തി പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ എഡിജിപി ആര്‍എസ്എസ് ബന്ധം ഉയര്‍ത്തി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.






