
പാലാ: ജീവിതത്തിലെ ഒറ്റക്കൊമ്പനെ നേരില്‍ക്കാണാന്‍ വെള്ളിത്തിരയിലെ ഒറ്റക്കൊമ്പനെത്തി. സിനിമാ ലോകത്ത് ചര്‍ച്ചയായ 'ഒറ്റക്കൊമ്പനി'ലെ നായകന് കാരണഭൂതനായ ഇടമറ്റം കുരുവിനാക്കുന്നേല്‍ കുറുവച്ചനെ നേരില്‍ കാണാനാണ് ചിത്രത്തിലെ നായകനായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തിയത്.
ഇന്നലെ ഉച്ചയോടെ ഇടമറ്റം കുരുവിനാക്കുന്നേല്‍ തറവാട്ടിലെത്തിയ സൂപ്പര്‍താരത്തെ കുറുവച്ചന്, ഭാര്യ മറിയമ്മ, മകള്‍ റോസ്മേരി, മരുമകന് ബെര്‍ലി സിറിയക് നെല്ലുവേലി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സാക്ഷികളായി ബന്ധുക്കളും നാട്ടുകാരുമടക്കം വലിയൊരു ജനാവലിയുമുണ്ടായിരുന്നു. സിനിമയില്‍ ഒറ്റക്കൊമ്പനാവാനൊരുങ്ങുന്ന സുരേഷ് ഗോപി ജീവിതത്തിലെ ഒറ്റക്കൊമ്പന്റെ തലയെടുപ്പിന് മുന്നില്‍ തൊഴുകൈകളോടെ വിനയാന്വിതനായി. ''ഓര്‍മ്മയുണ്ടോ ഈ മുഖം?'' ചിരിച്ചുകൊണ്ട് കുറുവച്ചന്റെ ചോദ്യം. ''മറന്നിട്ട് വേണ്ടേ ഓര്‍ക്കാന്‍'' സുരേഷ് ഗോപിയുടെ മറുപടി. ''കുറുവച്ചന് ചേട്ടാ നമ്മള് നേരത്തേ കാണേണ്ടവരായിരുന്നു. പക്ഷേ ഇപ്പോഴാണ് അതിന് സമയമായത്'' -സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് തലയാട്ടിയ കുറുവച്ചന് പറഞ്ഞു; ''കടുവയൊക്കെ പണ്ടായിരുന്നു ഇപ്പോള്‍ പല്ലെല്ലാം പോയി''.
കുറുവച്ചന്റെ തമാശ സുരേഷ് ഗോപിക്കൊപ്പം കണ്ടുനിന്നവരിലേക്കും ചിരിപടര്‍ത്തി. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇരുവരും ഒരുപാട് സംസാരിച്ചു. ഇറങ്ങാന്‍ നേരം സുരേഷ് ഗോപി കുറുവച്ചനെ പൊന്നാടയണിയിച്ച് ആദരിച്ചു. കൊല്ലത്തുനിന്ന് പ്രത്യേകം തയ്യാറാക്കികൊണ്ടുവന്ന അച്ചപ്പവും കേക്കും കുറുവച്ചന് നല്കി. കുറുവച്ചന് തിരികെ മധുരമൂറുന്ന സ്നേഹസമ്മാനം സുരേഷ് ഗോപിക്കും സമ്മാനിച്ചു. ഒരുമണിക്കൂറോളം കുറുവച്ചന്റെ വീട്ടില്‍ ചെലവഴിച്ചശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
സുരേഷ് ഗോപി കുറുവച്ചനെ കാണാന്‍ എത്തുന്നതറിഞ്ഞ് പാലാ നഗരസഭാ ചെയര്മാന് ഷാജു വി.തുരുത്തന്, ബി.ജെ.പി നേതാക്കളായ അഡ്വ. ജയസൂര്യന്‍, എന്‍.ഹരി എന്നിവരുമെത്തിയിരുന്നു. പാലായിലെ കുടുംബ സുഹൃത്ത് ബിജു പുളിക്കക്കണ്ടത്തിനൊപ്പമാണ് സുരേഷ് ഗോപി കുരുവിനാക്കുന്നേല്‍ വീട്ടിലെത്തിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കുറുവച്ചന്റെ ജീവിത കഥ പറയുന്ന ഒറ്റക്കൊമ്പനെന്ന ചിത്രത്തില്‍ താന്‍ അഭിനിയിക്കുമെന്ന് സുരേഷ് ഗോപി പിന്നീട് മാധ്യമപ്രവത്തകരോട് പറഞ്ഞു.






