
കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന് ശ്രീനാഥ് ഭാസി പോലീസിന് മുന്നില്‍ ഹാജരായി. മരട് പോലീസ് സ്്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി എത്തിയത്. 12 മണിയോടെ ഹാജരാകാന്‍ നേരത്തേ ശ്രീനാഥ്ഭാസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശ്രീനാഥ് ഭാസിയ്ക്കൊപ്പം നടി പ്രയാഗാ മാര്‍ട്ടിനെയും പോലീസ് വിശദമായി ചോദ്യം ചെയ്യും.
ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എന്തിനാണ് എത്തിയതെന്നും ലഹരി ഇരുവരും ഉപയോഗിച്ചോ എന്നുമാണ് പോലീസ് പ്രധാനമായും വിവരം തേടുന്നത്. ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലും കൃത്യമായ വിവരമില്ല. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
എന്നാല്‍ ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പു കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിനു പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര് എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തു.






