
ലേല കമ്പനി നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ട മനുഷ്യന്റെ തലയോട്ടി ലേലം ചെയ്യുന്നതിൽ നിന്ന് പിന്മാറി. നാഗാലാൻഡിൽ നിന്നും ലേലത്തിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം.
ഫോറം ഫോർ നാഗ റികൺസിലിയേഷൻ (എഫ്എൻആർ) എന്ന സംഘടന ഓക്സ്ഫോർഡ്ഷയറിലെ സ്വാൻ എന്ന ലേല സ്ഥാപനത്തിന് കത്തെഴുതിയതിനെ തുടർന്നാണ് നീക്കം. വിദേശകാര്യമന്ത്രി ജയശങ്കറിന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്കത്തയച്ചിരുന്നു.
ലോകമെമ്പാടുമുള്ള വ്യത്യസ്തമായ തലയോട്ടികൾ, മൃഗങ്ങളുടെ കൊമ്പുകൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. നരവംശശാസ്ത്രത്തിലും ഗോത്ര സംസ്കാരങ്ങളിലും താൽപ്പര്യമുള്ളവരെ ആകർഷിക്കുന്ന തരത്തിലായിരുന്നു ലേലം. മൃഗത്തിന്റെ കൊമ്പ് പിടിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നുള്ള മനുഷ്യന്റെ തലയോട്ടിയും ലേലത്തിന് വെച്ചു. തലയോട്ടി ഏകദേശം 4.3 ലക്ഷം (4000 പൌണ്ട്) രൂപയ്ക്ക് വിറ്റുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.






