
ന്യൂഡല്‍ഹി: ഒരു പേരിലെന്തിരിക്കുന്നു എന്ന് വേണമെങ്കില്‍ ചോദിക്കാം. പക്ഷേ അത് ഒരു കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും തമ്മിലാകുമ്പോഴോ? എന്തായാലും ഒരു പേരാണ് ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തിലെ തമാശ. കേരളാമുഖ്യമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരിട്ട് വിളിച്ച് ട്രോള്‍ തൊഴി മേടിച്ച രാംവിലാസ് പസ്വാനാണ് താരം.
കേരളാമുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് രാംവിലാസ് പസ്വാന് പിഴവ് സംഭവിച്ചത്. പിണറായി വിജയനുമായി കൈകൊടുക്കുന്ന ദൃശ്യത്തിനൊപ്പം കേരളാമുഖ്യമന്ത്രി പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ച എന്നായിരുന്നു കുറിപ്പിട്ടത്.
ഡല്‍ഹിയിലെ ജനപഥിലെ ഔദ്യോഗിക വസതിയില്‍ കേരളാ മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ വൃന്ദവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ എന്നാണ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കൊടുത്ത ഫോട്ടോയുടെ തലവാചകം.
അബദ്ധം മനസ്സിലാക്കി ട്വീറ്റ് ഡിലീറ്റ് ചെയ്ത് തിരുത്തിയിട്ടെങ്കിലും സംഭവിക്കേണ്ടത് സംഭവിച്ചു. തെറ്റില്‍ കടന്നുപിടിച്ച ആള്ക്കാര് കേന്ദ്രമന്ത്രി നന്നായി കൈകാര്യം ചെയ്തിരിക്കുകയാണ്. രാംവിലാസ് പസ്വാന്റെ ആദ്യ ട്വീറ്റ് കോപ്പി ചെയ്ത ഇട്ടതിന് ശേഷമാണ് പരിഹാസം നടത്തിയിട്ടുള്ളത്.
പേരുപോലും അറിയാത്തയാളുമായി എന്ത് ചര്‍ച്ചയാണ് നടത്തിയതെന്നും ദയവ് ചെയ്ത് ഇന്ത്യന്‍ പ്രസിഡന്റിനെ ട്രംപ് എന്ന് വിളിക്കരുതെന്നുമെല്ലാം പരിഹസിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരിടത്ത് സച്ചിനെ അറിയില്ലെന്ന് ടെന്നീസ്താരം ഷരപ്പോവ പറഞ്ഞു. പിന്നീട് ഉള്ളതെല്ലാം ചരിത്രമാണെന്നായിരുന്നു ഒരാള്‍ പസ്വാനെ ഓര്‍മ്മിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പോലും മോഡി സര്‍ക്കാരിന് അറിയില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു.






