
ബോളിവുഡിലെ ഒരു കാലത്ത് തിളങ്ങി നില്ക്കുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. തങ്ങളുടെ പ്രകടനത്തിലൂടെ സമാനതകളില്ലാത്ത വിജയം നേടി സ്വന്തമായ ഇടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് താരം. റൊമാന്റിക് ചിത്രങ്ങളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും തിളങ്ങി നിന്നിരുന്ന റാണി ഇടവേളയ്ക്ക് ശേഷം കരുത്തുറ്റ കഥാപാത്രങ്ങള്‍ അഭിനയിച്ച് വീണ്ടും പ്രേക്ഷകപ്രീതി നേടി.
ഇപ്പോഴിതാ നവരാത്രിയോടനുബന്ധിച്ചുള്ള ദുര്‍ഗാപൂജയില്‍ തിളങ്ങുന്ന റാണി മുഖര്‍ജിയുടെ ചിത്രങ്ങളാണ് ട്രെന്‍ഡിംഗാകുന്നത്. ‘‘സുവർണ്ണ ദിവ്യത്വം, ദുർഗാ പൂജയിലൂടെ തിളങ്ങുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് യാഷ് രാജ് ഫിലിംസ് ടാലന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ റാണിയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. മഞ്ഞ നിറത്തിലുള്ള പട്ടുസാരിയും ദുര്‍ഗാ ദേവിയുടെ ആന്റിക് ടെമ്പിൾ ജ്വല്ലറിയും ധരിച്ച റാണി ബണ്‍ സ്റ്റൈലിലാണ് തലമുടി കെട്ടിയിരുന്നത്,ഒപ്പം മുല്ലപ്പൂവും ധരിച്ചിരുന്നു. കൈ നിറയെ വളകളും നെറുകയില്‍ സിന്ദൂരവും ധരിച്ച റാണി ശരിക്കുമൊരു രാജ്ഞിയെപ്പോലെയാണ് ചിത്രങ്ങളില്‍ തിളങ്ങിയത്. മുംബൈയിലെ നോർത്ത് ബോംബെ സർബോജനിൻ ദുർഗ്ഗാ പൂജ പന്തലിൽ ഈ വേഷത്തിലാണ് താരമെത്തിയത്.
കരിയറിലും താരം തിളങ്ങി നില്ക്കുന്ന സമയമാണ്. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിന് അടുത്തിടെ ഐഐഎഫ്എ 2024-ൽ മികച്ച നടിക്കുള്ള അവാർഡ് റാണി സ്വന്തമാക്കി. ‘മർദാനി’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തില്‍ ശിവാനി ശിവാജി റോയ് എന്ന മോശം പോലീസ് വേഷത്തില്‍ തിളങ്ങാനൊരുങ്ങുകയാണ് റാണി.






