
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കത്തിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം വ്യക്തമാകുന്നില്ലെന്ന് ഗവർണർ പറഞ്ഞു. മാധ്യമങ്ങളുടെ മുമ്പിൽ മുഖ്യമന്ത്രിയുടെ കത്ത് പരസ്യമായി വായിച്ചായിരുന്നു ഗവർണറുടെ വിമർശനം.
ഞാൻ വീണ്ടും പറയുന്നു അദ്ദേഹത്തിന് എന്തോ ഒളിക്കാനുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യമെന്നും കത്തില്‍ പറയുന്നു, ഇതില്‍ വൈരുധ്യമുണ്ട്. നമുക്കെല്ലാവർക്കും അറിയാം, മൂന്ന് വർഷം മുമ്പ് അദ്ദേഹത്തിന്റെ സ്വന്തം സെക്രട്ടറി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായത്.
27 ദിവസം മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാൻ കൂട്ടാക്കുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ വരാൻ അനുവദിക്കുന്നുമില്ല. ഇതൊരു സാധാരണ ക്രമസമാധാന പ്രശ്നമല്ല. സാധാരണമായി കൈകാര്യം ചെയ്യേണ്ട ഒന്നുമല്ല. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരാകാൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ട് ഉദ്യോഗസ്ഥരെ വിലക്കി'- ഗവർണർ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ വെച്ചുള്ള അന്വേഷണം പരിഗണിക്കും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്കാണ്. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ല. അവർക്ക് രാജ്ഭവനിലേക്ക് ഇനി പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു.






