
കളിക്കളത്തില്‍ മാന്യതയുടെ ലംഘനവും അപകടകരമായ കളിയും. കളിക്കാരനെ പുറത്താക്കാന്‍ ഫുട്ബോള്‍ മൈതാനങ്ങളിലെ ചുവപ്പ് കാര്‍ഡിന് ഇതിനേക്കാള്‍ വലിയ വിശദീകരണം ആവശ്യമില്ല. ചുവപ്പിന് മുമ്പ് കിട്ടുന്ന മഞ്ഞക്കാര്‍ഡ് പോലും വാങ്ങരുതെന്ന് ആഗ്രഹിച്ച് കളിക്കുന്ന അനേകം കളിക്കാര്‍ക്കിടയില്‍ ചുവപ്പ് കാര്‍ഡ് കാണുന്നത് ഒരു ഹരമായി മാറ്റിയിരിക്കുന്ന കളിക്കാരനുണ്ട്. ആഴ്സണലിന്റെ ഗ്രാനിറ്റ് സാക്ക. മൂന്ന് വര്‍ഷത്തിനിടയില്‍ താരം കണ്ടത് ഒമ്പതു ചുവപ്പുകാര്‍ഡായിരുന്നു.
പ്രീമിയര്‍ലീഗില്‍ ആഴ്സണല്‍ ബേണ്‍ലിക്ക് മേല്‍ 2-1 ന് ജയിച്ച കളിയായിരുന്നു ഇക്കാര്യത്തില്‍ അവസാനത്തേത്. എമിറേറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയുടെ സ്റ്റീവന്‍ ദെഫറിനെ ചവുട്ടിയതിന് തുടര്‍ച്ചയായി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടായിരുന്നു ഈ സ്വിറ്റ്സര്‍ലന്റ് താരം പുറത്തായത്. ഇതിലൂടെ ഒരു ഗോളിന് മുന്നിട്ട് നില്ക്കുമ്പോള് എതിര്‍ടീമിന് പെനാല്‍റ്റി നല്‍കാനും കഴിഞ്ഞു.
ജയം ആഴ്സണലിനെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയെങ്കിലും സാക്കയ്ക്ക് നഷ്ടമാകുന്നത് നാലു മത്സരങ്ങളാണ്. ചെല്ലുന്നിടത്തെല്ലാം ഒരു ചുവപ്പ്കാര്‍ഡ് എന്ന കണക്ക് സൂക്ഷിക്കാറുള്ള സാക്ക ഇതിന് മുമ്പ് എട്ടു തവണയാണ് ചുവപ്പ് കണ്ടത്. 2014 ഏപ്രിലില്‍ ബുണ്ടാസ് ലീഗയില്‍ കളിക്കുമ്പോള്‍ ബോറൂഷ്യ മോണ്ഷണിലായിരിക്കെ ചുവപ്പ്കാര്‍ഡ് കണ്ടു. ഫ്രീ ബര്ഗിഫെനതിരേ കളി രണ്ടാം പകുതി പുരോഗമിക്കുമ്പോഴായിരുന്നു.
അതേവര്‍ഷം നവംബറിലും സാക്ക ചുവപ്പ് കണ്ടു. ഇത്തവണ എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരേ കളിക്കുമ്പോഴായിരുന്നു. നവംബര്‍ 22 ന് നടന്ന മത്സരത്തില്‍ സാക്കയുടെ പുറത്താകല്‍ മോണ്ഷണെ 3-1 ന് തോല്ക്കാന് ഇടയാക്കി. ആദ്യഗോള്‍ ഓഫ്സൈഡാണെന്ന് പ്രതിഷേധിച്ചതിന് മഞ്ഞ കണ്ട സാക്ക തൊട്ടുപിന്നാലെ ഫൗള്‍ ചെയ്തതിനും പുറത്തായി. 2015 ഫെബ്രുവരിയില്‍ യൂറോപ്പ ലീഗില്‍ സെവില്ലയ്ക്കെതിരേ കളിക്കുമ്പോഴായിരുന്നു മറ്റൊരു ചുവപ്പ് കാര്‍ഡ്. എവേ മാച്ച് 1-0 ന് തോറ്റതിന് പിന്നാലെ മത്സരം 2-2 ല്‍ നില്ക്കുമ്പോള് സെവില്ലയ്ക്ക് 3-2 സ്കോര്‍ വേണമെന്നിരിക്കെ 68 ാം മിനിറ്റില്‍ സാക്ക ചുവപ്പ് കണ്ട് പുറത്തായി.
2015 ആഗസറ്റ് 30 ന് വെര്‍ഡര്‍ ബ്രെമനെതിരേയും സാക്ക കണ്ടു ചുവപ്പ്കാര്‍ഡ്. അസ്സാനി ലുക്കീമ്യയെ ചാടിത്തൊഴച്ചതായിരുന്നു കാരണം. എന്നിരുന്നാലും 2-1 ന് ടീം ജയിച്ചു. 2015 നവംബര്‍ 7 ന് 18 ാം മിനിറ്റില്‍ ആദ്യം കാര്‍ഡ് വാങ്ങിയ സാക്ക താമസിയാതെ രണ്ടാം കാര്‍ഡും വാങ്ങി പുറത്തായി. മത്സരം 0-0 സമനിലയിലായി. 2015 ഡിസംബറില്‍ ഡാം സ്റ്റാഡ്റ്റിനെതിരേ പീറ്ററ നിമേയറെ തൊഴിച്ചതിന് 38 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി. സാക്കയുടെ അഭാവത്തിലും 1-0 ന് നിന്ന ടീം 3-2 ന് മുന്നേറി.
അടുത്ത ചുവപ്പ കാര്‍ഡ് 2016 സെപ്തംബര്‍ 6 നായിരുന്നു വാങ്ങിയത്. സ്വിറ്റ്സര്‍ലന്റിന്റെ അന്താരാഷ്ട്ര മത്സരത്തില്‍. പോര്‍ച്ചുഗലിനെതിരേ ലോകകപ്പ് യോഗ്യതാമത്സരം കളിക്കുമ്പോഴായിരുന്നു സാക്ക ചുവപ്പ് വാങ്ങിയത്. ഇഞ്ചുറി ടൈമില്‍ ആയിരുന്നു ഈ ചുവപ്പ് കാര്‍ഡ്. മത്സരം 2-0 ന് മുന്നില്‍ ആയിരുന്നതിനാല്‍ സ്വിറ്റ്സര്‍ലന്റ് തന്നെ ജയിച്ചു കയറി.