
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രാജ്ഭവനില്‍ നിന്ന് വിലക്കിയ നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വരേണ്ടതില്ല എന്ന നിലപാട് ഗവര്‍ണര്‍ മയപ്പെടുത്തി.
ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ചില മാധ്യമങ്ങൾ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ഗവർണർ പറഞ്ഞു. ഉദ്യോഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവർണർ ഇന്നലെ സ്വീകരിച്ച കടുത്ത നിലപാട്. ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിപ്പിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ വരുന്ന പതിവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചു.
ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം താക്കീത് നല്‍കിയിരുന്നു. തനിക്കെന്തോ ഒളിക്കാനുണ്ടെന്നു ഗവര്‍ണര്‍ പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.






