
ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് വരുണ്‍ ധവാന്. ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ഡേവിഡ് ധവാന്റെ മകനായ വരുൺ ധവാൻ കരണ്‍ ജോഹര്‍ ചിത്രമായ ‘സ്റ്റുഡന്റ് ഓഫ് ദ ഇയറി’ലൂടെയാണ്. നവയുഗ ഗോവിന്ദ എന്നറിയപ്പെടുന്ന ഇന്ത്യൻ താരം വിവിധ വിഭാഗങ്ങളിലുള്ള വേഷങ്ങൾ ചെയ്ത് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ബോളിവുഡ് സിനിമകളില്‍ നിറസാന്നിധ്യമാണ് വരുണ്‍.
താരം പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് സിറ്റാഡല്‍: ഹണി ബണ്ണി. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസില്‍ സാമന്തയാണ് നായികയായെത്തുന്നത്. സീരിസിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ ട്രെയ്ലർ ലോഞ്ചിനിടെ വരുണ്‍ ധവാൻ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യൻ സിനിമ സംവിധായകർ മാത്രമാണ് തനിക്ക് ആക്ഷൻ സിനിമകളില്‍ അവസരങ്ങള്‍ തന്നിട്ടുള്ളൂവെന്നാണ് വരുണ്‍ പറയുന്നത്.
‘‘എനിക്ക് തോന്നുന്നത് തെന്നിന്ത്യയിലുള്ളവരാണിപ്പോള് എന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നതും എനിക്ക് ആക്ഷൻ സിനിമകളില്‍ അവസരങ്ങള്‍ തരുന്നതും. അവരാണ് എന്റെ പൊട്ടൻഷ്യല്‍ മനസിലാക്കിയതും, അത് സത്യവുമാണ്. ഇപ്പോള്‍ എനിക്ക് രാജ് ആൻഡ് ഡികെ, സാം (സാമന്ത) എന്നിവരുടെ കൂടെ പ്രവർത്തിക്കാനായി. അടുത്തതായി അറ്റ്ലി, കീർത്തി സുരേഷ് എന്നിവർക്കൊപ്പമാണ് എന്റെ പ്രൊജക്ട്. ഈ രണ്ട് പ്രൊജക്ടുകളും ആക്ഷന്‍ പ്രാധാന്യമുള്ളതാണ്.
ഇതിന് ശേഷം ഞങ്ങളുടെ ഇൻഡസ്ട്രിയില്‍ നിന്നും ആക്ഷൻ സിനിമകള്‍ക്കായി സംവിധായകർ എന്നെ സമീപിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഞാനിത് പറയാൻ കാരണം ലോക്ക്ഡൗണ്‍ സമയത്ത് ആദിത്യ ചോപ്രയ്ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു, ആ സമയത്ത് മനീഷ് ശർമ്മയും അവിടെയുണ്ടായിരുന്നു. ടൈഗർ 3 യുടെ നിർമ്മാണ ഘട്ടത്തിലായിരുന്നു അവർ. എന്തുകൊണ്ടാണ് ഒരു യുവതാരത്തെ വച്ച് ആക്ഷൻ സിനിമ ചെയ്യാത്തതെന്ന് ഞാൻ ആദിയോട് ചോദിച്ചു.
എന്നെ വച്ച് ഒരു ആക്ഷൻ സിനിമ ചെയ്തു കൂടെയെന്നും ഞാൻ ചോദിച്ചിരുന്നു. എന്നാല്‍ എനിക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ നല്‍കുമെന്നും ആക്ഷൻ റോളുകള്‍ നല്കാൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് പലപ്പോഴും ഞാൻ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. പിന്നെയൊരിക്കല്‍ അദ്ദേഹം പറഞ്ഞു എനിക്ക് അത് ചെയ്യാൻ കഴിയില്ല, അത്രയും ബജറ്റ് തരാനുമാകില്ല, വലിയ ബജറ്റ് തരാൻ പറ്റുന്ന സ്ഥലത്തല്ല നിങ്ങളെന്ന്. അദ്ദേഹത്തിന്റെ ആ വാക്കുകളേക്കുറിച്ചായിരുന്നു പിന്നെ ഞാൻ ചിന്തിച്ചത്. ഞാൻ അദ്ദേഹത്തിന് മെസേജ് ചെയ്തു, ‘സർ എന്താണ് ബജറ്റ്?’. അദ്ദേഹം എനിക്ക് ഒരു കണക്ക് തന്നിട്ട് പറഞ്ഞു, ആക്ഷൻ സിനിമകള്‍ ചെയ്യണമെങ്കില്‍ ആവശ്യമായ ബജറ്റാണിതെന്ന്.
എനിക്ക് സിറ്റാഡല്‍: ഹണി ബണ്ണിയിലേക്ക് അവസരം വന്നപ്പോള്‍ ബജറ്റ് എത്രയാണെന്നാണ് ഞാൻ നിർമ്മാതാക്കളോട് ആദ്യം ചോദിച്ചത്. എനിക്ക് ഇങ്ങനെയൊരു അവസരം നല്‍കിയതിന് ആത്മാർഥമായി ഞാൻ നന്ദിയുള്ളവനാണ്...’’ വരുണ്‍ പറയുന്നു. നവംബർ ഏഴിന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് സിറ്റാഡല്‍: ഹണി ബണ്ണി പ്രേക്ഷകരിലേക്കെത്തുന്നത്.






