
തിരുവനന്തപുരം: കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ നിയമസഭയില്‍ പ്രതിഫലിക്കുന്നില്ലെന്നും അതിനായി ബിജെപി എംഎല്‍എ സഭയില്‍ എത്തണമെന്നും ശരിയായ മൂന്നാം ബദലിനെ കേരളമൊന്നാകെ സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇത് രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫ് യുഡിഎഫ് ഡീലുകളാണ്. പാലക്കാട് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ സിപിഎം പടവലങ്ങ പോലെ താഴോട്ടാണ്. ഇ.ശ്രീധരന് പാലക്കാട് തോറ്റത് ആരുടെ ഡീലിന്റെ ഭാഗമാണെന്ന് ചോദിച്ച സുരേന്ദ്രന് അന്ന് ഷാഫി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ചിരിച്ചത് സിപിഎമ്മുകാരാണെന്നും പറഞ്ഞു.
കോണ്‍ഗ്രസിനെ മാഫിയാസംഘം ഹൈജാക്ക് ചെയ്തെന്നും അവര്‍ പിണറായി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പെട്രോള്‍ പമ്പിന് പിന്നില്‍ എല്‍ഡിഎഫ് യുഡിഎഫ് നേതാക്കളാണെന്നും പമ്പിന് പിന്നില്‍ പ്രമുഖനായ ഡിസിസി ഭാരവാഹിയാണെന്നും പി.പി. ദിവ്യ ബിനാമിയാണെന്നും പറഞ്ഞു. രണ്ടു പാര്‍ട്ടികളും തമ്മില്‍ അന്തര്‍ധാര സജീവമായതിനാലാണ് കളക്ടര്‍ക്കെതിരേ പരാതി വരാത്തതെന്നും പറഞ്ഞു.
പുനര്ജ്ജനികേസില് പിണറായി വി.ഡി. സതീശനെ സംരക്ഷിക്കുകയാണ്. വി.ഡി. സതീശനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഈ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് പിണറായിയുടെ ലൈന്‍. കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ സ്ഥിതി എന്താണെന്ന് അദ്ദേഹം ചോദിച്ചു. പാലക്കാട് യുഡിഎഫിനും ചേലക്കരയില്‍ എല്‍ഡിഎഫും എന്ന ഡീലാണ് സംസ്ഥാനത്തുള്ളത്. മൂന്നാമത് ഒരാള്‍ കയറി കളിക്കേണ്ട എന്നാണ് അന്തര്‍ധാര. ഇത്തവണ അത് പൊളിയുമെന്നും പറഞ്ഞു.






