
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവം ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പോലീസിനോട് പറഞ്ഞു. പൂജാ പാത്രം പുറത്ത് കൊണ്ടു പോയപ്പോൾ ആരും തടഞ്ഞതുമില്ലെന്ന് ഗണേശ് ജാ വ്യക്തമാക്കി. ആരെങ്കിലും വിളിച്ചിരുന്നുവെങ്കിൽ മടക്കി നൽകിയേനെയെന്നും പറഞ്ഞ ഗണേശ് ജാ ഹോട്ടലിൽ നിന്നും പാത്രം പൊലീസിന് കൈമാറി.
13 ന് നടന്ന മോഷണം ക്ഷേത്രം അധികൃതർ ,15 നാണ് പോലീസിനെ അറിയിച്ചത്. ഇയാള്‍ താമസിച്ച ഹോട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരേയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പോലീസിന് ലഭിച്ചിരുന്നു.






