
തിരുവല്ല: പൊടിയാടിയില്‍ സ്ഥലമുടമയെന്ന് വിശ്വസിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ പുല്ല് ചെത്താന്‍ നിയോഗിച്ചശേഷം അവരുടെ പണവും മൊബൈലും അടങ്ങിയ ബാഗുകള്‍ കവര്‍ന്നു. കൊല്‍ക്കത്തയിലെ മണ്ഡല് സ്വദേശികളായ ഹജാരി മണ്ഡല്, ഭഗീരത് മണ്ഡല് എന്നിവരുടെ പണവും മൊബൈലുമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. തട്ടിപ്പ് സംബന്ധിച്ച് ഇവര്‍ പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊടിയാടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പെരിങ്ങരയിലെ വാടകവീട്ടില്‍ താമസിക്കുന്ന എട്ടംഗ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.
ഹജാരി മണ്ഡലിനും, ഭഗീരത്ത് മണ്ഡലിനും ചൊവ്വാഴ്ച ഒരിടത്തും പണി ലഭിച്ചിരുന്നില്ല. ഇതിനാല്‍ ഉച്ചഭക്ഷണവും തൊഴിലിടത്തില്‍ ധരിക്കാനുള്ള വേഷവും ബാഗുകളാക്കി ഇരുവരും രാവിലെ എട്ട് മണിയോടെ പെരിങ്ങര ജംഗ്ഷനില്‍ എത്തി. ഇതിനിടെ യുവാക്കളായ രണ്ടുപേര്‍ ബൈക്കിലെത്തി പൊടിയാടി വൈക്കത്തില്ലത്തിന് സമീപത്തെ പുരയിടം വൃത്തിയാക്കാനുണ്ടെന്നും വരാന്‍ സാധിക്കുമോയെന്നും ഇരുവരോടും ചോദിച്ചു.
കൂലി പറഞ്ഞ് ഉറപ്പിച്ച ശേഷം ഇരുവരും ബൈക്കില്‍ എത്തിയവരുടെ പിന്നാലെ സൈക്കിളുകളില്‍ പൊടിയാടിയിലെ വിജനമായ പുരയിടത്തില്‍ എത്തി. പണികള്‍ ആരംഭിക്കാന്‍ പറഞ്ഞശേഷം ബൈക്കില്‍ എത്തിയവര്‍ മടങ്ങിപ്പോയി. 11 മണിയോടെ മടങ്ങിയെത്തിയ ഇരുവരും ചെത്തിയ പുല്ലുകള്‍ വലിയ രണ്ട് കെട്ടുകള്‍ ആക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു.
പൊടിയാടി ജംഗ്ഷന് സമീപം മറ്റൊരു സ്ഥലത്ത് ചെറിയ ജോലികള്‍ ഉണ്ടെന്നും ഒരു പുല്‍ക്കെട്ട് എടുത്ത് തന്നോടൊപ്പം വരുവാന്‍ ഹജാരി മണ്ഡലിനോട് ആവശ്യപ്പെട്ടു. പൊടിയാടി കാവുംഭാഗം കുടകുത്തി പടിയില്‍ എത്തിയ ശേഷം റോഡ് വാക്കിലെ പുരയിടത്തിലേക്ക് പുല്‍ക്കെട്ട് നിക്ഷേപിക്കാനും അവിടുത്തെ പുല്ല് ചെത്തിവൃത്തിയാക്കാനും ആവശ്യപ്പെട്ട ശഷം ബൈക്ക് ഓടിച്ചിരുന്ന ആള് തിരികെ പോയി. അല്പ സമയത്തിനുശേഷം രണ്ടാമനായ ഭഗീരത്തുമായി മടങ്ങിയെത്തി.
ഇരുവരെയും പ്രദേശം വൃത്തിയാക്കാന്‍ ഏല്‍പ്പിച്ചിട്ട് ഭാര്യയുടേതെന്ന് പറഞ്ഞ് ഒരു മൊബൈല്‍ നമ്പര്‍ പേപ്പറില്‍ കുറിച്ച് തൊഴിലാളികള്‍ക്ക് നല്കി. വൈകുന്നേരം ജോലി കഴിയുമ്പോള്‍ തന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും ഭാര്യ എത്തി പണം നല്‍കുമെന്നും തൊഴിലാളികളെ വിശ്വസിപ്പിച്ചശേഷം ഇയാള്‍ ബൈക്കില്‍ തിരികെ മടങ്ങി. ഉച്ചയോടെ വിശന്നു വലഞ്ഞ ഇരുവരും വൈക്കത്തില്ലത്തെ പണിസ്ഥലത്തേക്ക് മടങ്ങിയെത്തി.
അവിടെ എത്തിയപ്പോഴാണ് 4000 രൂപയോളം അടങ്ങുന്ന പഴ്സുകളും 10000 രൂപയോളം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗുകള്‍ നഷ്ടമായ വിവരം തൊഴിലാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ ആള് നല്കിയ മൊബൈല്‍ നമ്പരിലും നഷ്ടമായ ഫോണുകളിലും വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. തൊഴിലാളികളെ രണ്ടാമതായി ജോലിക്കായി കൊണ്ടുപോയ കുടകുത്തിപടിയിലെ എ-ഐ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പരിശോധിക്കുമെന്നും നഷ്ടമായ മൊബൈല്‍ ഫോണുകളുടെ ഐ.എം.ഇ.െഎ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പുളിക്കീഴ് പോലീസ് അധികൃതര്‍ പറഞ്ഞു.






