
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പിപി ദിവ്യ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ പരുക്കില്ലാതെ പോകാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. അതുവരെ നീട്ടാതെ കീഴടങ്ങിയേക്കുമെന്നാണ് വിവരം.
ഇന്ന് ചേരുന്ന സിപിഐഎം അടിയന്തിര സംസ്ഥാന സെക്രട്ടേറിയേറ്റിലും വിഷയം ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിവ്യയ്ക്കെതിരേയുള്ള നടപടി കാര്യവും ചര്‍ച്ച ചെയ്തേക്കാന്‍ സാധ്യതയുണ്ട്. നടപടിയില്‍ തീരുമാനമായാല്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും.
ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തലവന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിവ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയിരുന്നു. സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് നടക്കുന്നത്.
ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ നടപടിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ അന്വേഷണ സംഘവും യോഗം ചേര്‍ന്നിട്ടുണ്ട്.






