
അഭ്രലോകത്തിന്റെ തിളക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു വിജയം കൊയ്തവരാണു എം.ജി. രാമചന്ദ്രും എന്‍.ടി. രാമറാവുവും. പക്ഷേ, സമീപകാലത്ത് ചലച്ചിത്രത്തിന്റെ 'ഗ്ളാമര്‍' വോട്ടാകുന്നില്ലെന്നാണു നിരീക്ഷണം. വിജയകാന്ത്, രജനീകാന്ത്, ചിരഞ്ജീവി, അമിതാഭ് ബച്ചന്, കമല്‍ ഹാസന് തുടങ്ങി രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട താരങ്ങളാണ് ഏറെ. അവര്‍ക്കിടയിലേക്കാണു തമിഴ്നാട് വിക്ടറി പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് നടന് വിജയ് എത്തുന്നത്.
രാഷ്ട്രീയം മറ്റൊരു തൊഴിലല്ല, 'വിശുദ്ധ പൊതു സേവനം' ആണെന്ന് ആരാധകര്‍ ദളപതി (കമാന്‍ഡര്‍) എന്ന് വിളിക്കുന്ന വിജയ് പറയുന്നത്. ദക്ഷിണേന്ത്യന്‍ രാഷ്ട്രീത്തിനു അഭിനേതാക്കള്‍ക്ക് അപരിചിതമല്ല. വാസ്തവത്തില്‍, തമിഴ് രാഷ്ട്രീയത്തിലെ ചില വലിയ പേരുകളും സിനിമാ താരങ്ങളായിരുന്നു. രാഷ്ട്രീയത്തില്‍ താരമായവര്‍ ഇവരാണ്.
എം.ജി.ആര്.
1977 ജൂണ്‍ മുതല്‍ 1987 ഡിസംബറില്‍ മരിക്കുന്നതുവരെ മൂന്ന് തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്നു മരുതൂര്‍ ഗോപാലന് രാമചന്ദ്രന് അഥവാ എംജിആര്‍. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡി.എം.കെ) സ്ഥാപകന്‍ കൂടിയായ എംജിആര്‍ 1972 ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെയാണ് (ഡി.എം.കെ) തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അതിനു നാല് പതിറ്റാണ്ടോളം വെള്ളിത്തിരയില്‍ തിളങ്ങിയതിന്റെ പിന്‍ബലമുണ്ടായിരുന്നു മലയാളി കൂടിയായ എം.ജി.ആര്‍ക്ക്.
ജയലളിത
എം.ജി.ആറാണു ജെ. ജയലളിതയെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത്. അവര്‍ ആറ് തവണ തമിഴ് നാട് മുഖ്യമന്ത്രിയായി. 1960 ല്‍ ബാലതാരമായി അഭിയ ജീവിതം ആരംഭിച്ച ജയലളിത, 1965 ലാണ് ആദ്യമായി നായികയായത്. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 650 ഓളം സിനിമകളില്‍ അഭിനയിച്ച ജയലളിത 1982 ല്‍ എം.ജി.ആറിനൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. എം.ജി.ആറിന്റെ നിര്യാണത്തിനുശേഷം പാര്‍ട്ടി പിളര്‍ന്നെങ്കിലും അണികളെ കൂടെക്കൂട്ടി ജയലളിത രാഷ്ട്രീയ മുന്നേറ്റം തുടര്‍ന്നു.
* വിജയകാന്ത്
ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന വിജയകാന്തിന്റെ രാഷ്ട്രീയ തുടക്കം ശ്രദ്ധേയമായിരുന്നു. ദേശിയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) സ്ഥാപകനാണ് അദ്ദേഹം. തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് വരെയായി. 1979 ല്‍ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയകാന്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചു.
നെപ്പോളിയന്
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ളീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നെപ്പോളിയന് 2019 ല്‍ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ഡെവിള്‍സ് നൈറ്റ്: ഡോണ്‍ ഓഫ് ദ് നൈന്‍ റൂഷ് 'എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009 മുതല്‍ 2013 വരെ മന്മോഹന് സിങ് സര്‍ക്കാരില്‍ സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രിയായിരുന്നു. പിന്നീട് 2015 ല്‍ ഡി.എം.കെ. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.
കമല്‍ ഹാസന്
2018 ല്‍ മക്കള്‍ നീതി മയ്യം (എം.എന്‍.എം) എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് കമല്‍ ഹാസന് എന്നറിയപ്പെടുന്ന പാര്‍ത്ഥസാരഥി ശ്രീനിവാസന് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, 'ഉലകനായകന്' എന്നും അറിയപ്പെടുന്ന കമല്‍ ഹാസന് ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ വിവിധ ഭാഷകളിലായി 230 ലധികം സിനിമകളില്‍ അഭിനയിച്ചു. പക്ഷേ, രാഷ്ട്രീയത്തില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
എന്‍.ടി.രാമറാവു
ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ കുത്തക അവസാനിപ്പിച്ച എന്‍.ടി. രാമറാവു എന്ന എന്‍.ടി.ആര്. ദേശീയ രാഷ്ട്രീയത്തില്‍ വരെ തിളങ്ങി. 1982 ല്‍ തെലുഗു ദേശം പാര്‍ട്ടി (ടി.ഡി.പി) സ്ഥാപിച്ച അദ്ദേഹം 1983 മുതല്‍ 1995 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി. 'മനദേശം' എന്ന ചിത്രത്തിലൂടെയാണു അദ്ദേഹം ആന്ധ്രയില്‍ സാന്നിദ്ധ്യം ഉറപ്പിച്ചത്. 1968 ല്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു. പിന്നീട് സ്വന്തം പാര്‍ട്ടി എന്‍.ടി.ആറിനു നഷ്ടമായി. പാര്‍ട്ടി പിടിച്ചെടുത്ത ചന്ദ്രബാബു നായിഡുവാണ് ആന്ധ്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി
മോഹന്‍ ബാബു
എന്‍.ടി. രാമറാവുവുമായുള്ള അടുപ്പമാണു മോഹന്‍ ബാബുവിനു രാഷ്ട്രീയത്തില്‍ കരുത്തായത്. 1982 ല്‍ ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ച് മോഹന്‍ ബാബു രാജ്യസഭയിലെത്തി.
ചിരഞ്ജീവി
ഏറെ പ്രതീക്ഷയോടെയാണു ചിരഞ്ജീവി പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ചത്. പക്ഷേ, ആ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 'പുനാധിരല്ലു' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയത്. 'പ്രാണം ഖരീഡു' ആയിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പ് അടയാളപ്പെടുത്തിയത്. 2007 നും 2017 നും ഇടയിലുള്ള കാലയളവില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ചു. 2008 ല്‍ ആന്ധ്രാപ്രദേശില്‍ പ്രജാരാജ്യം വലിയ തരംഗമായി. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2012 ഒക്ടോബര്‍ മുതല്‍ 2014 മേയ് വരെ ടൂറിസം മന്ത്രിയായി സേവനമനുഷ്ഠിച്ചു.
പവന് കല്യാണ്‍
സഹോദരന് ചിരഞ്ജീവി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ പവന് കല്യാണ്‍ ജനസേന പാര്‍ട്ടി (ജെ.എസ.്പി) രൂപീകരിച്ചു. 1998 ല്‍ തെലുങ്കിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ 'തോലി പ്രേമ' എന്ന ചിത്രത്തിലെ വേഷം നടന്റെ സിനിമാ വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. ഇപ്പോള്‍ അദ്ദേഹം ആന്ധ്രാ പ്രദേശില്‍ ബി.ജെ.പിയുടെയും ടി.ഡി.പിയുടെയും സഖ്യകക്ഷിയാണ്.
രജനീകാന്ത്
ഇന്ത്യന്‍ സിനിമയുടെ തലൈവര്‍ ആയ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം പാളി. 2017 ഡിസംബര്‍ 31 നാണു രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. രജനി മക്കള്‍ മണ്ട്രത്തിലായിരുന്നു പ്രതീക്ഷ. പക്ഷേ, അനാരോഗ്യത്തിന്റെ പേര് പറഞ്ഞു രാഷ്ട്രീയത്തില്‍നിന്നു പിന്മാറി.
ഹിന്ദിയിലെ താരങ്ങളായ അമിതാഭ് ബച്ചന്, ഗോവിന്ദ, ഹേമമാലിനി, ജയാ ബച്ചന് തുടങ്ങിയവര്‍ രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ചവരാണ്.






