
കോട്ടയം: ഘടകകക്ഷി എം.എല്‍.എമാരായ ആന്റണി രാജു (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന് (ആര്.എസ്.പി-ലെനിനിസ്റ്റ്) എന്നിവരെ എന്‍.ഡി.എ. പാളയത്തിലെത്തിക്കാന്‍ എന്‍.സി.പി. (ശരദ് പവാര്‍) എം.എല്‍.എ. തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ആരെ വിശ്വസിക്കുമെന്നറിയാതെ ഇടതുമുന്നണി.
തോമസ് കോഴ വാഗ്ദാനം ചെയ്തതായി ആന്റണി രാജു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായാണു സൂചന. തോമസും കോവൂര്‍ കുഞ്ഞുമോനും ആരോപണം നിഷേധിക്കുന്നു. ആരോപണം അനേ്വഷിക്കണമെന്നതാണു മുന്നണിയിലെ രണ്ടാമത്തെ പ്രബലകക്ഷിയായ സി.പി.ഐയുടെ ആവശ്യം. അനേ്വഷണത്തിനു പുറമേ ശക്തമായ രാഷ്ട്രീയനടപടിയും വേണമെന്നതാണ് എല്‍.ഡി.എഫിലെ പൊതുവികാരം. എന്നാല്‍, അനേ്വഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇനിയും മനസുതുറന്നിട്ടില്ല.
കൂറുമാറ്റക്കോഴനീക്കം മുഖ്യമന്ത്രിതന്നെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയതായാണു സൂചന. എന്നാല്‍, ഇൗ വിവരം പുറത്തുവന്ന് വന്‍വിവാദമായപ്പോള്‍ മുഖ്യമന്ത്രി തുടരുന്ന മൗനത്തില്‍ സി.പി.എമ്മിനുള്ളില്‍ത്തന്നെ അതൃപ്തി പുകയുന്നുണ്ട്.ആന്റണി രാജു പറയുന്നതു ശരിയാണെങ്കില്‍ തോമസിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കേണ്ടെന്നാണു നേതൃത്വത്തിന്റെ പൊതുവികാരം. എന്നാല്‍, ആന്റണിയുടെ ആരോപണം തള്ളിയ കോവൂര്‍ കുഞ്ഞുമോന്റെ നിലപാട് തോമസിനു ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ്. കോഴയാരോപണത്തില്‍ നുണപരിശോധനയ്ക്കു തയാറാണെന്നും ആന്റണി രാജുവും അതിനു തയാറാകണമെന്നും തോമസ് വെല്ലുവിളിക്കുന്നു. ഇതോടെ ഇടതുമുന്നണിക്കു വിഷയം കീറാമുട്ടിയായി.
ആന്റണി രാജുവിനെയും കോവൂര്‍ കുഞ്ഞുമോനെയും എന്‍.ഡി.എ. ഘടകകക്ഷിയായ എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തെത്തിക്കാന്‍ തോമസ് കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. എന്നാല്‍, താന്‍ അജിത് പവാറിനെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാമെന്നു തോമസ് പറയുന്നു. തന്റെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ വിവാദം തിരിച്ചടിക്കുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്.






