
കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ 'ജിം' ഉടമ പിടിയിൽ. തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെൻ്റർ ഉടമയായ നെടുപുഴ സ്വദേശി വിഷ്ണു (38) ആണ് അറസ്റ്റിലായത്. ഇയാൾ മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു. എന്നാൽ പൊതി തുറക്കാൻ കമ്പനി ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ വിഷ്ണു മുങ്ങുകയായിരുന്നു .
കാറിൽ വന്നതിൻ്റെ സിസിടിവി കാമറ ദൃശ്യങ്ങൾ നോക്കിയാണ് പോലീസ് ആളെ പിടിച്ചത്. ഫിറ്റ്നസ് സെൻ്ററിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. ഇതിനു ശേഷം വിഷ്ണു ഒളിവിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ ജിജോയും സംഘവുമാണ് വിഷ്ണുവിനെ പിടികൂടിയത്. അതേസമയം, കഞ്ചാവ് വാങ്ങാൻ വിഷ്ണുവിന് ഗൂഗിൾ പേ ചെയ്തവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ കൊറിയർ വഴി കഞ്ചാവ് വരുത്തിയാണ് വിതരണം ചെയ്തിരുന്നത്.






