
തിരുവനന്തപുരം: പാലക്കാട്ടെ കെ.പി.എം. റീജന്‍സി ഹോട്ടലില്‍ പോലീസ് വീണ്ടുവിചാരമില്ലാതെ നടത്തിയ റെയ്ഡ് സി.പി.എമ്മിനു ബൂമറാങ്ങായി. ആരുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡെന്ന ചോദ്യമാണു കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പാലക്കാട്ടെ പ്രചാരണത്തിലും യു.ഡി.എഫ്. ഇത് സജീവചര്ച്ചയാക്കും. ഫലത്തില്‍, ചക്കിനുവച്ചത് കൊക്കിനു കൊണ്ട അവസ്ഥ!
ഒരു മന്ത്രിയും ഉറ്റബന്ധുവും ചേര്‍ന്ന് നടത്തിയ 'ഓപ്പറേഷനി'ല്‍ സി.പി.ഐക്കും കടുത്ത നീരസമുണ്ട്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെയായിരുന്നു പോലീസ് നാടകമെന്നാണു സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തൃശൂര്‍ പൂരം അലങ്കോലമാക്കിയാണു പോലീസ് സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയതെങ്കില് അതേത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വേളയിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ലെന്നാണു പാലക്കാട് സംഭവം വ്യക്തമാക്കുന്നത്.
പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയേക്കും. രണ്ട് വനിതാനേതാക്കളുടെ മുറിയിലെ രാത്രി പരിശോധനയും തുടര്‍ന്നുള്ള സംഘര്‍ഷവും രാഷ്ട്രീയമായി പ്രതിരോധിക്കാനാകാത്ത അവസ്ഥയിലാണ് ഇടതുമുന്നണി. കോണ്‍ഗ്രസ് നേതാക്കളുടെ മുറി പരിശോധനയില്‍ കള്ളപ്പണം കിട്ടാത്ത സാഹചര്യം പോലീസിനു കൂടുതല്‍ നാണക്കേടായി.
തെരഞ്ഞെടുപ്പുകാലത്തെ സാധാരണ പരിശോധനയെന്ന് എ.എസ്.പി: അശ്വതി ജിജി പറഞ്ഞതും കോണ്‍ഗ്രസിന് ആയുധമായി. ഇത്തരമൊരു പരിശോധന മുമ്പ് സംസ്ഥാനത്തുണ്ടായിട്ടില്ല എന്നതുതന്നെ കാരണം. സി.പി.എം-ബി.ജെ.പി. ഒത്തുകളിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനും പാതിരാ റെയ്ഡ് കരുത്തുപകരുന്നു. പോലീസിന്റെ വിവേകമില്ലാത്ത പ്രവൃത്തിക്കു പിന്നിലാരെന്നു കണ്ടെത്തണമെന്ന അഭിപ്രായം ഇടതുനേതാക്കള്ക്കിടയിലുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ പോലീസില്‍ കടുത്തനടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
ഹോട്ടല്‍ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: അര്‍ധരാത്രി പോലീസ് പരിശോധന നടത്തിയ ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ എം.പിമാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്, കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലില്‍ വരുന്നതും പോകുന്നതുമുണ്ട്. പിന്നാലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എത്തി. കെ.എസ്.യു. നേതാവ് ഫെനി നൈനാന് ബാഗുമായി അതേ മുറിയിലേക്ക് കയറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
അവിടെനിന്നു ബാഗുമായി ഫെനിയും പിന്നാലെ രാഹുലും ഷാഫിയും പുറത്തിറങ്ങി. വരാന്തയില്‍ ഷാഫിയുമായി സംസാരിച്ചശേഷം രാഹുല്‍ മറ്റൊരു മുറിയിലേക്കു പോയി. രാഹുലും ഫെനിയും ബാഗുമായി പുറത്തേക്കും പോകുന്നു. ഫെനി തിരികെയെത്തി മറ്റൊരു ബാഗുകൂടി എടുത്ത് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതാ നീല ബാഗ്; 'ട്രോളി' രാഹുല്‍!
പാലക്കാട്: പണം കടത്താന്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ട നീല ട്രോളി ബാഗ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഹോട്ടലിലേക്കു പോകുമ്പോള്‍ ട്രോളി ബാഗ് കൊണ്ടുപോകുന്നതില്‍ അസ്വാഭാവികത എന്താണെന്നു രാഹുല്‍ ചോദിച്ചു. നീല ബാഗ് തന്റെ വണ്ടിയില്നിന്നാണ് എടുത്തത്. തന്റെ വസ്ത്രങ്ങളാണതില്. അത് പോലീസ് പരിശോധനയ്ക്കു കൊടുക്കാന്‍ തയാറാണ്.
ശാസ്ത്രീയപരിശോധന നടത്തി, ബാഗില്‍ പണമുണ്ടായിരുന്നെന്നു തെളിയിക്കണം. താന്‍ താമസിച്ച ഹോട്ടലിലെ സി.സി. ടിവി പരിശോധിച്ച് ഇൗ പെട്ടി അവിടെ കൊണ്ടുപോയിട്ടുണ്ടോയെന്നും പരിശോധിക്കണം. ഫെന്നി കെ.എസ്.യു. സംസ്ഥാനഭാരവാഹിയാണ്. തെരഞ്ഞെടുപ്പ് ചുമതലയുമുണ്ട്. അങ്ങനെയൊരാള്‍ കൂടെ വരുന്നതിലും ബാഗ് തരുന്നതിലും എന്താണ് പ്രശ്നം?
തെരഞ്ഞെടുപ്പ് തീയതി നീട്ടിയതിനാല്‍ പിടിച്ചുനില്‍ക്കാനാണ് എതിര് പാര്ട്ടിക്കാര് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ ജയിപ്പിക്കാനുള്ള പണിയാണ് സി.പി.എം. നടത്തുന്നത്. ഹോട്ടലില്‍ പരിശോധന നടക്കുമ്പോള്‍ താന്‍ പിന്‍വശത്തുകൂടി ഓടി രക്ഷപ്പെട്ടെന്ന ആരോപണം സി.പി.എം. തെളിയിക്കണം. തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കാമെന്നും രാഹുല്‍ വെല്ലുവിളിച്ചു.






