
ഒരു കെട്ട് കേസുകളുടെ ഭാരവുമായാണു ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്കു പോകുക. നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ അധികാരമേല്‍ക്കുന്ന ആദ്യ പ്രസിഡന്റാണു ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ കാലുകുത്തുമ്പോള്‍ അദ്ദേഹം അഭിമുഖീകരിക്കുന്ന നിയമപരമായി നാല് പ്രധാന വെല്ലുവിളികളെയാണ്.
* ന്യൂയോര്‍ക്കിലെ കേസുകള്‍
ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചതിന് ഡോണള്‍ഡ് ട്രംപിനെ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. മേയില്‍ ന്യൂയോര്‍ക്കിലെ ജൂറി ഒരു പോണ് സിനിമാ താരത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ട്രംപിന്റെ ശിക്ഷ സെപ്റ്റംബറില്‍നിന്ന് നവംബര്‍ 26 ലേക്ക് ന്യൂയോര്‍ക്ക് ജഡ്ജി ജുവാന്‍ മെര്ച്ചന് മാറ്റിവച്ചു.
ട്രംപിന്റെ വിജയത്തിനിടയിലും ജഡ്ജി മെര്ച്ചന് ആസൂത്രണം ചെയ്തതുപോലെ ശിക്ഷയുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ബ്രൂക്ലിന്‍ മുന്‍ പ്രോസിക്യൂട്ടര്‍ ജൂലി റെന്ഡല്മാന് പറഞ്ഞു. എങ്കിലും കുറ്റവാളിയെന്ന നിലയില്‍ ട്രംപിനു ജയില്‍ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലെന്നു നിയമ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അങ്ങനെയാണെങ്കില്‍, അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉടന്‍ തന്നെ ശിക്ഷയ്ക്ക് അപ്പീല്‍ നല്‍കുമെന്നും ജയില്‍ സമയം തന്റെ ഒൗദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതില്‍നിന്ന് തടയുമെന്നും അപ്പീല്‍ വരെ അദ്ദേഹം സ്വതന്ത്രനായി തുടരണമെന്നും വാദിക്കും. ആ സാഹചര്യത്തില്‍ അപ്പീല്‍ പ്രക്രിയ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണു നിയമ വിദഗ്ധര്‍ പറയുന്നത്.
* ക്യാപ്പിറ്റോള്‍ കലാപം ജനുവരി 6 ലെ കേസ്
2020 ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോടുള്ള തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ ഭാഗമായി ട്രംപ് അനുകൂലികള്‍ നടത്തിയ കലാപം യു.എസിനു നാണക്കേടായി മാറിയിരുന്നു. ഇൗ കേസില്‍ പ്രേരണാ കുറ്റമാണു ട്രംപിനെതിരേ ഉള്ളത്.
അധികാരത്തിലിരിക്കുമ്പോള്‍ നടത്തിയ ഒൗദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്ന് ട്രംപിന് ഭാഗികമായി ഇളവ് സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. അതോടെ ആ കേസ് നിയമപരമായ അനിശ്ചിതത്വത്തിലാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ തന്റെ ഒൗദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ടതല്ലെന്ന വാദം പ്രോസിക്യൂഷനുണ്ട്. എങ്കിലും, 'ഒരു സിറ്റിങ് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് നന്നായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, അതിനാല്‍ വാഷിങ്ടണ്‍ ഡി.സി. ജില്ലാക്കോടതിയിലെ തെരഞ്ഞെടുപ്പ് തട്ടിപ്പ് കേസ് തള്ളും' - ഒരു നിയമ വിദഗ്ധന്‍ പറഞ്ഞു.
കേസ് തള്ളിക്കളയാന്‍ കോടത വിസമ്മതിക്കുകയാണെങ്കില്‍, ട്രംപിന് അദ്ദേഹത്തെ സ്വയം ഒഴിവാക്കാന്‍ കഴിയും. പ്രസിഡന്റ് എന്ന നിലയില്‍ അതിനുള്ള അധികാരം ട്രംപിനു ലഭിക്കും. 'പ്രസിഡന്റായാല്‍ രണ്ട് സെക്കന്‍ഡിനുള്ളില്‍ എനിക്കെതിരായ കേസുകള്‍ തള്ളും' എന്നാണു മത്സരത്തിനിടെ ട്രംപ് പറഞ്ഞത്.
* ക്ലാസിഫൈഡ് ഡോക്യുമെന്റ് കേസ്
വൈറ്റ് ഹൗസ് വിട്ടതിന് ശേഷം രഹസ്യരേഖകള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ട്രംപിനെതിരായി കേസുണ്ട്. മാര്‍-എ-ലാഗോയിലെ വീട്ടില്‍ തന്ത്രപ്രധാനമായ രേഖകള്‍ സൂക്ഷിച്ചുവെന്നും ഫയലുകള്‍ വീണ്ടെടുക്കാനുള്ള നീതിന്യായ വകുപ്പിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹത്തിനെതിരേ ആരോപണമുണ്ട്. ഇൗ കേസ് ട്രംപ് പ്രസിഡന്റ് ആയിരിക്കെ നിയമിച്ച ജഡ്ജി ഐലീന്‍ കാനണ്‍ ജൂലൈയില്‍ തള്ളിയിരുന്നു. കേസില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതു തള്ളാന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് അധികാരം ലഭിക്കും.
* ജോര്‍ജിയ തെരഞ്ഞെടുപ്പ് കേസ്
ജോര്‍ജിയയില്‍ 2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ ട്രംപിനെതിരേയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ട്രംപ് അടുത്ത പ്രസിഡന്റായതിനാല്‍, കേസ് കൂടുതല്‍ കാലതാമസം നേരിടാം.
ട്രംപ് അധികാരത്തിലിരിക്കുന്ന സമയത്ത് കേസ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ട്രംപിനെതിരായ കേസുകള്‍ തടസപ്പെടുമെന്നു തന്നെയാണു നിയമവിദഗ്ധര്‍ പറയുന്നത്.






