
കൊച്ചി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരേ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയ്ക്കു (സൂപ്പര്‍വൈസറി കമ്മറ്റി) കത്തെഴുതി കേരളം. അണക്കെട്ട് അറ്റകുറ്റപ്പണി നടത്തിയശേഷം മതി, സുരക്ഷാ അവലോകനത്തിനുള്ള വിദഗ്ധസമിതിയെ നിയമിക്കാനെന്നാണു തമിഴ്നാടിന്റെ നിലപാട്.
എന്നാല്‍, അറ്റകുറ്റപ്പണിയും പാനല്രൂപീകരണവും സമാന്തരമായി കൊണ്ടുപോകണമെന്നാണു കേരളം കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇരുസംസ്ഥാനവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണു വിഷയത്തില്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സ്ഥിരം സൂപ്പര്‍വൈസറി കമ്മിറ്റിയ്ക്കു കേരളം കത്തെഴുതിയത്. അറ്റകുറ്റപ്പണികള്‍ സുരക്ഷാ അവലോകനവുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്മാന് രാകേഷ് കശ്യപ് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍, അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ വിലയിരുത്തലിനുള്ള ഷെഡ്യൂള്‍ അന്തിമമാക്കിയ ശേഷമേ അറ്റകുറ്റപ്പണികള്‍ക്കുള്ള ആവശ്യം പരിഗണിക്കൂ എന്ന നിലപാടിലാണു കേരളം. പരീക്ഷണാടിസ്ഥാനത്തില്‍ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പത്തെ നേരിടാനുള്ള ശക്തി, വെള്ളപ്പൊക്ക സുരക്ഷ, പ്രവര്‍ത്തന സുരക്ഷ എന്നിവ പുനഃപരിശോധിക്കണമെന്നാണു കേരളം ആവശ്യപ്പെടുന്നത്.
ഡാം ബ്രേക്ക് അനാലിസിസ് അടിസ്ഥാനമാക്കി അടിയന്തര കര്‍മപദ്ധതി തയാറാക്കണമെന്നാണു മറ്റൊരു ആവശ്യം. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു 129 വര്‍ഷത്തിലേറെ പഴക്കമുള്ള ഗ്രാവിറ്റി അണക്കെട്ടിന്റെ സുരക്ഷാ അവലോകനം 12 മാസത്തിനകം നടത്താന്‍ മേല്‍നോട്ട സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അണക്കെട്ടിന്റെ ഇടക്കാല ബലപ്പെടുത്തല്‍ ആദ്യം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നു കഴിഞ്ഞയോഗത്തില്‍ തമിഴ്നാട് വാദിച്ചപ്പോള്‍, സുരക്ഷാ അവലോകനം അടിയന്തരമായി നടത്തണമെന്നു കേരളം നിര്‍ബന്ധിച്ചു. ഇതേതുടര്‍ന്നാണു തുടര്‍നടപടികള്‍ സ്തംഭനത്തിലായത്.
പത്തുവര്ഷത്തിലൊരിക്കല് കോംപ്രിഹെന്‍സീവ് ഡാം സേഫ്റ്റി റിവ്യൂ നടത്തണം. ഡോ. സി.ഡി. തട്ടെയുടെ നേതൃത്വത്തില്‍ 2011 ലാണു ഇത് ഒടുവില്‍ നടത്തിയത്. 2022 ല്‍ വീണ്ടും നടത്തേണ്ടതായിരുന്നു. എന്നാല്‍, 2021 ലെ കേന്ദ്ര ഡാം സേഫ്റ്റി നിയമപ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ബലപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നാണു തമിഴ്നാടിന്റെ വാദം. അപ്രകാരം 2026 ല്‍ ചെയ്താല്‍ മതിയാകും.
ഇതു ചോദ്യംചൈയ്താണു ഡോ. ജോ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. റിമോര്‍ട്ട് വഴി നിയന്ത്രിക്കുന്ന (ആര്.ഒ.വി.) കാമറ ഉപയോഗിച്ചു കണ്ടെത്തിയ 110 അടിയ്ക്കു താഴെയുള്ള ദ്വാരങ്ങള്‍ അടച്ചശേഷം മാത്രമേ ഗ്രൗട്ട് ചെയ്യാവൂ എന്നാണു കേരളത്തിന്റെ ആവശ്യം.
അതിനുശേഷം ചോര്‍ച്ചാ പരിശോധന നടത്തി ലീക്കില്ലെന്ന് ഉറപ്പാക്കണം. ഇതും തമിഴ്നാട് അംഗീകരിക്കുന്നില്ല.
ആദ്യം ഗ്രൗട്ടിംഗ് നടത്തണമെന്നാണു അവരുടെ ആവശ്യം. കേരളം കത്തയച്ചതോടെ, ഒരു വര്‍ഷത്തിനകം സുരക്ഷാ അവലോകനം നടത്തേണ്ടതിനാല്‍, സുപ്പര്‍വൈസറി കമ്മറ്റി വൈകാതെ വിഷയത്തില്‍ ഇടപെടാനാണു സാധ്യത. ജൂലൈ 30 ന് വയനാട്ടിലുണ്ടായ വന്‍ നാശനഷ്ടമുണ്ടായ ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് അണക്കെട്ടിന്റെ ബലം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് കേരളം സുരക്ഷാ അവലോകനത്തില്‍ നിലപാട് കടുപ്പിച്ചത്. താഴ്വരയില് താമസിക്കുന്നവരുടെ ആശങ്ക അകറ്റാന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും പ്രതിഷേധം ആരംഭിച്ചിരുന്നു.






