
നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി മൂന്ന് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ 5 പേര് മരിച്ചു. ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗ്രേറ്റർ നോയിഡയിലെ സെക്ടർ 146 മെട്രോ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്.
കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതിന് പിന്നാലെ നിർത്തിയിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 27കാരനായ അമൻ സിംഗ്, ഇയാളുടെ പിതാവായ ദേവി സിംഗ് (60), അമ്മ രാജ്കുമാരി സിംഗ്(50), അമൻ സിംഗിന്റെ അമ്മായിമാരായ വിമലേഷ് സിംഗ്(40), കമലേഷ് സിംഗ് (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കുടുംബം ഏറെക്കാലമായി ദാദ്രിയിലെ കഷ്ണിറാം കോളനിയിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ ആറ് മണിയോടെ നോയിഡ ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എക്സ്പ്രസ് വേയിൽ നിന്നുള്ള അടിയന്തര സന്ദേശത്തിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തി കാർ യാത്രികരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






