
കോട്ടയം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതിയെ എതിര്‍ത്ത സി.പി.എം. ഇപ്പോഴത് ഭരണനേട്ടമായി അവതരിപ്പിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. സീപ്ലെയിന്‍ കായലില്‍ ഇറങ്ങുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ നശിക്കുമെന്നാരോപിച്ചാണ് 2013-ല്‍ പദ്ധതിയെ സി.പി.എം. എതിര്‍ത്തത്. അന്നത്തെ മത്സ്യക്കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വളര്ന്നതുകൊണ്ടാകും സി.പി.എമ്മിന്റെ മനംമാറ്റമെന്നു കോണ്‍ഗ്രസ് പരിഹസിച്ചു.
2013 ജൂണില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഷ്ടമുടിക്കായലില്‍ സീപ്ലെയിന്‍ ഫ്ളാഗ്ഓഫ് ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി സി.പി.എം. സമരം ശക്തമാക്കിയതോടെ പദ്ധതി ഉപേക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ പിന്നീട് വിജയകരമായി നടപ്പാക്കിയ അതേ പദ്ധതിയാണ് ഇപ്പോള്‍ ടൂറിസം വകുപ്പ് പൊടിതട്ടിയെടുത്തത്. ഇൗ ഇരട്ടത്താപ്പിനെതിരേ സാമൂഹികമാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് വിമര്‍ശനം ശക്തമാക്കി. ഉമ്മന്‍ ചാണ്ടി 2013-ല്‍ സീപ്ലെയിന്‍ ഫ്ളാഗ്ഓഫ് ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സി.പി.എം. അതേ പദ്ധതി 10 വര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി കെട്ടിഘോഷിച്ചു നടപ്പാക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് മുന്‍മന്ത്രി കെ.സി. ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. സീ ബേര്‍ഡ് കമ്പനിയുടെ സീപ്ലെയിന്‍ 2019-ല്‍ ബാങ്ക് ജപ്തിചെയ്തു. ഫ്ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാനസര്‍ക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീപ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കി.
ഇപ്പോള്‍ ആന്ധ്രാപ്രദേശും. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങി കേരളത്തിന്റെ സ്വപ്നപദ്ധതികളെയെല്ലാം എതിര്‍ത്തശേഷം പിന്നീട് സ്വന്തം മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്ന സി.പി.എമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിനിന്റെ കാര്യത്തിലും ആവര്‍ത്തിച്ചെന്നു ജോസഫ് ആരോപിച്ചു.






