
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്കു കടലില്‍വച്ചു വെടിയേറ്റ സംഭവത്തില്‍ രണ്ടു നാവിക ജീവനക്കാരെ പ്രതിചേര്‍ക്കാന്‍ കേന്ദ്രത്തിന്റെ പ്രോസിക്യൂഷന് അനുമതി തേടി. ഇതിനായി കോസ്റ്റല്‍ പോലീസ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കത്തുനല്‍കി. ഫയറിങ് പരിശീലന മുന്നറിയിപ്പു നല്‍കാനും ആളുകളെ മാറ്റാനും ചുമതലപ്പെടുത്തിയിരുന്ന രണ്ടു സെന്ട്രികളാണു കേസിലെ പ്രതികള്‍.
ഇവരുടെ അശ്രദ്ധയാണ് അപകടകാരണം. യഥാസമയം അലാറം മുഴക്കി മുന്നറിയിപ്പു നല്കാത്തതിനാല്, ഫയറിങ് റേഞ്ചില്‍നിന്ന് ആളുകളെ മാറ്റാന്‍ കഴിഞ്ഞില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല, നാവികര്‍ വെടിവച്ചത്. പക്ഷേ, ജാഗ്രതക്കുറവുണ്ടായെന്നാണു കോസ്റ്റല്‍ പോലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ കുറ്റസമ്മതമൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, വെടിവയ്പു നടത്തിയ നാവികരെ ഒഴിവാക്കിയാണു കുറ്റപത്രം. പ്രോസിക്യൂഷന് അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കാനാണു നീക്കം. പരിശീലനത്തിനുപയോഗിച്ച തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 77 നാവികരാണു സംഭവസമയത്തു പരിശീലനത്തിലുണ്ടായിരുന്നത്.
ഡ്യൂട്ടിയുടെ ഭാഗമായായിരുന്നു വെടിവയ്പു പരിശീലനമെന്നതിനാല്, നാവികരെ പ്രതിയാക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിനു സമീപം ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം. എന്നാല്‍, ആരാണു വെടിവച്ചതെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഏതു തോക്കില്‍ നിന്നുള്ള വെടിയേറ്റാണു പരുക്കേറ്റതെന്നും ഫോറന്‍സിക് പരിശോധനയില്‍ തിരിച്ചറിയാനായില്ല.
2022 സെപ്റ്റംബര്‍ ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റിയനാണു വെടിയേറ്റത്. മീന്‍പിടിത്തം കഴിഞ്ഞു ബോട്ടില്‍ മടങ്ങുന്നതിനിടെയായിരുന്നു ഇത്. ബോട്ടില്‍നിന്നു വെടിയുണ്ട കണ്ടെത്തി. നാവികസേനയാണ് വെടിവെച്ചതെന്നു മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചെങ്കിലും നേവി നിഷേധിച്ചു. ഇതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പോലീസ് അനേ്വഷണം തുടങ്ങുകയായിരുന്നു.
തിരിച്ചറിഞ്ഞാല്‍ ആ തോക്ക് ഉപയോഗിച്ച നാവികസേനാംഗത്തെ പ്രതിയാക്കാനായിരുന്നു പോലീസ് നീക്കം. എന്നാല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാതെ വന്നതോടെയാണു റെഡ് സിഗ്നല്‍ നല്കാന് ചുമതലപ്പെടുത്തിയിരുന്ന സെന്‍ട്രികളെ മാത്രം പ്രതികളാക്കാന്‍ തീരുമാനിച്ചത്. പരിശീലനം നടത്തിയ 16 തോക്കുകളും 32 തിരകളും തൊണ്ടിയായി പിടിച്ചെടുത്തു. ഒരേസമയം ബാച്ചിലെ അഞ്ചുപേര്‍ വീതം നിരയായി നിന്നാണു പരിശീലനം നടത്തിയത്. ഇതിലാരുടെ വെടിയാണു മത്സ്യത്തൊഴിലാളിക്ക് ഏറ്റതെന്നു കൃത്യമായി കണ്ടെത്താനാകാതിരുന്നത് നാവികര്‍ക്കു രക്ഷയായി. സെബാസ്റ്റിയന്റെ ചെവിക്കാണു വെടിയേറ്റത്. പരുക്കു ഗുരുതരമായിരുന്നില്ല.






