
തിരുവനന്തപുരം : സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷവും. ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് പിന്നാലെയാണ് നടപടി. അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ അധിക്ഷേപം പരസ്യമായതിനാല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.
മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലും ഹാക്കിംഗ് എന്ന് വ്യാജ പരാതി നല്‍കിയതിലുമാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതിനാണ് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്.
ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചുമെന്നും സസ്പെന്‍ഡ് ചെയ്തുള്ള ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഉത്തരവില്‍ പറയുന്നു. അതേസമയം കാരണം കാണിക്കല്‍ നോട്ടീസില്ലാതെയുള്ള സസ്പെന്‍ഷനെതിരെ പ്രശാന്ത് അഡ് മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും.
ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താനും താക്കീതില്‍ ഒതുക്കാനും ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ മൃദുഹിന്ദുത്വ നിലപാടെന്ന വിമര്‍ശനം കൂടി സര്‍ക്കാര്‍ കേള്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അത് കൂടി ഒഴിവാക്കാനാണ് രണ്ടും പേരെയും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം. അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ അഡ്മിനിസ്ടേറ്റീവ് സര്‍വീസിനെ പൊതു മധ്യത്തില്‍ നാണം കെടുത്തിയെന്നാണ് വിലയിരുത്തല്‍






