
നര്‍മ്മരസമുള്ള എന്നും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച താരമാണ് ഹരിശ്രീ അശോകന്. വെള്ളിത്തിരയില്‍ എന്നും തമാശ പകരുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കിയിട്ടുള്ള ഹരിശ്രീ അശോകന് പക്ഷേ റിയല്‍ ലൈഫില്‍ വളരെ സീരിയസ്സായിട്ടുള്ള വ്യക്തിയാണെന്ന് കുടുംബത്തിലുള്ളവരടക്കം പലരും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയായിരുന്നു ഹരിശ്രീ അശോകന് തന്റെ സ്വപ്നഗൃഹമായ ‘പഞ്ചാബി ഹൗസി’നെക്കുറിച്ച് പറഞ്ഞത്.
തന്റെ വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിനെ തുടര്ന്ന്ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധി അടുത്തിടെയാണ് വന്നത്. എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് നടനും ഹരിശ്രീ അശോകന്റെ മകനുമായ അര്ജുന് അശോകന്. കേസ് പോകാന്‍ പ്രധാന കാരണം ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ലാത്തതാണെന്ന് അര്ജുന് അശോകന് പറയുന്നു.
‘‘പലപ്പോഴും അച്ഛന് മുന്നില്‍ ഉത്തരം മുട്ടാറുണ്ട്. അച്ഛന് എന്ന് പറയുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളര്ത്തണ്ടേ. അത്ര ദേഷ്യക്കാരന്‍ ഒന്നും അല്ല. സിനിമയില്‍ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്ക്കാന് പറ്റില്ലാലോ. കേസ് പോകാന്‍ പ്രധാന കാരണം ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല.
എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തില്‍ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവന്‍ തീര്‍ന്നത്. ഇത്രയും കാലം സിനിമയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതല്‍ ഉണ്ടായത്.
അത് റീപെയര്‍ ചെയ്യാന്‍ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവര്‍ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാന് പറ്റില്ല വീട്ടില്‍. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാന്‍ എത്തിയപ്പോഴും അച്ഛന് സമ്മതിച്ചില്ല അത് മാറ്റാന്‍. കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് അച്ഛനുണ്ടായിരുന്നത്....’’ അര്ജുന് അശോകന് പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
പഞ്ചാബിഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടൈലുകള്‍ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങി. ഇതേ തുടര്‍ന്നാണ് ഹരിശ്രീ അശോകന് കേസ് കൊടുത്തത്.
അച്ഛനില്‍ വ്യത്യസ്തമായി വളരെ കരുത്തുറ്റ കഥാപാത്രങ്ങളാണ് അര്ജുന് വെള്ളിത്തിരയിലെത്തിച്ചിട്ടുള്ളത്. ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്. അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 15 ന് പ്രദർശനത്തിന് എത്തും.






