
തിരുവനന്തപുരം: കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് പട്ടികജാതി-വര്‍ഗവകുപ്പ് ഡയറക്ടറായിരിക്കേ മുക്കിയെന്ന് ആരോപിക്കപ്പെടുന്ന 'ഉന്നതി' ഫയലുകള്‍ മന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നെന്ന് സ്ഥിരീകരിക്കപ്പെടുമ്പോള്‍ ഉയരുന്നതു ഗൂഢാലോചനാസംശയം. ഫയലുകള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഓഫീസിലും എത്തിയിരുന്നു.
എന്നിട്ടും പ്രശാന്തിനെതിരേ ജയതിലക് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതാണു ദുരൂഹം. ഇതോടെ, ജയതിലകിനെതിരേ പ്രശാന്ത് ഉയര്‍ത്തിയ ആരോപണങ്ങളും സര്‍ക്കാര്‍ അനേ്വഷിക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. ചീഫ് സെക്രട്ടറിയാകാനിടയുള്ള ജയതിലകിനു വിവാദം തിരിച്ചടിയായേക്കും. 'ഉന്നതി' സി.ഇ.ഒയുടെ ചുമതലയൊഴിയും മുമ്പ് എല്ലാ ഫയലും പ്രശാന്ത് കൈമാറിയിരുന്നെന്ന് തെളിയിക്കുന്ന ഒന്നിലധികം രേഖകള്‍ പുറത്തുവന്നു. ഇവ ഏറ്റുവാങ്ങണമെന്നാവശ്യപ്പെട്ട്, പിന്നീട് സി.ഇ.ഒ. ആയ കെ. ഗോപാലകൃഷ്ണന് അഡീ. ചീഫ് സെക്രട്ടറിയുടെ ഓഫീസ് കത്ത് നല്‍കിയിരുന്നു.
അഡീ. ചീഫ് സെക്രട്ടറിക്കെതിരേ പരസ്യപ്രതികരണം നടത്തിയതിനു പ്രശാന്തിനെ കുറ്റപ്പെടുത്തുന്നവരും ഫയല്‍ വിഷയത്തില്‍ അനേ്വഷണം വേണമെന്ന നിലപാടിലാണ്. പ്രശാന്ത് കോടതിയെ സമീപിച്ചാല്‍ പ്രശ്നം വഷളാകുമെന്ന നിയമോപദേശവും സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.
ജയതിലകിനെതിരായ ആരോപണങ്ങള്‍ ഒതുക്കാനാണു വിശദീകരണം ചോദിക്കാതെ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കരുതുന്നു. മതാടിസ്ഥാനത്തില്‍ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയതിനു പ്രത്യക്ഷതെളിവുണ്ടായിട്ടും കെ. ഗോപാലകൃഷ്ണനു വിശദീകരണം നല്കാന് അവസരം നല്കിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.






