
കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പോലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്പി സുജിത്ദാസ് അടക്കമുള്ളവര്‍ക്കെതിരേയുള്ള കേസാണിത്. സുജിത് ദാസ് അടക്കം മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേയായിരുന്നു കേസ്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി അന്വേഷിക്കാന്‍ വന്നപ്പോള്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സജുത് ദാസിന് പുറമേ ഡി.വൈ.എസ്.പി. വി.വി. ബെന്നി, സിഐ വിനോദ് എന്നിവര്‍ക്കെതിരേയായിരുന്നു പരാതി. സുജിത്ദാസും വിനോദ് കുമാറും ബലാത്സംഗം ചെയ്തെന്നും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.
സ്വത്തുതര്‍ക്കത്തില്‍ പൊന്നാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയ യുവതിയെ പരാതി പരിശോധിക്കാന്‍ ചെന്നപ്പോള്‍ വിനോദ് വീട്ടില്‍ വെച്ചു പീഡിപ്പിച്ചെന്നും ഇതിനെതിരേ പരാതിയുമയി താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കണ്ടപ്പോള്‍ അദ്ദേഹവും മോശമായി പെരുമാറുകയും സുജിത്ദാസ് ആഡംബര കാറിലെത്തി ചങ്കുവെട്ടിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും പീഡിപ്പിച്ചെന്നാണ് ഉയര്‍ത്തിയ വാദം.






