
കണ്ണൂര്‍/തിരുവനന്തപുരം: വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന പേരില്‍ പുറത്തുവന്ന പരാമര്‍ശങ്ങള്‍ വന്‍വിവാദമായി. രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യത്തേതിനേക്കാള്‍ ദുര്‍ബലമാണെന്നും, പാലക്കാട്ടെ പി. സരിന്റെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി വിമര്ശിക്കുന്നവിധത്തില് സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്ന താക്കീതും പുസ്തകത്തിലുണ്ടെന്നാണ് പുറത്തുവന്ന വിവരം.
വിവാദപരാമര്‍ശങ്ങളടങ്ങിയ ജയരാജന്റെ ആത്മകഥ ഇന്നലെ പുറത്തിറങ്ങുമെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ഇ.പി. ജയരാജന്റെയും ചിത്രങ്ങള്‍ സഹിതം 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന ശീര്‍ഷകത്തിലുള്ള പുസ്തകത്തിന്റെ മുഖചിത്രവും വാര്‍ത്തകള്‍ക്കൊപ്പം പ്രചരിച്ചു. എന്നാല്‍, ജയരാജന് ഇക്കാര്യം നിഷേധിച്ചു. തന്റെ ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും പുറത്തുവന്നതൊന്നും താന്‍ എഴുതിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആത്മകഥയിലേതെന്ന പേരില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാരോപിച്ച്് ജയരാജന് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പരാമര്‍ശവും പുസ്തകത്തിലുണ്ടെന്നായിരുന്നു വാര്‍ത്ത. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണ്. എന്നാല്‍, വി.എസ്. അച്യുതാനന്ദന് അത് തനിക്കെതിരേ ആയുധമാക്കി. തന്നോട് വിശദീകരണം ചോദിക്കാതെ തനിക്കെതിരേ പാര്‍ട്ടി തീരുമാനങ്ങളെടുത്തു. പാര്‍ട്ടി തന്നെ മനസിലാക്കിയില്ല. പാലക്കാട്ടെ ഇടതുസ്ഥാനാര്‍ഥി പി. സരിന് അവസരവാദിയാണെന്ന ആരോപണവും പുസ്തകത്തിലുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചു.
പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സൂചനയാണ് ആത്മകഥയിലേതായി പുറത്തുവന്ന മറ്റൊരു വിവരം. താന്‍ മാത്രമല്ല, യു.ഡി.എഫിലെ പല മുതിര്‍ന്നനേതാക്കളും ജാവ്ദേക്കറെ കണ്ടിട്ടുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരവര്‍ഷത്തിനുശേഷമാണ് കൂടിക്കാഴ്ച വിവാദമാക്കിയത്. പൊതുസ്ഥലത്ത് ഒരേയൊരു തവണയാണു ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസിലാക്കിയില്ലെന്നും ആത്മകഥയിലുള്ളതായാണു പ്രചരിച്ച വാര്‍ത്തകള്‍.
വിശദീകരണവുമായി ജയരാജന്; വിശ്വസിക്കുന്നുവെന്ന് ഗോവിന്ദന്
താന്‍ ആത്മകഥ എഴുതിത്തീര്‍ന്നിട്ടില്ലെന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി. ജയരാജന്. പുറത്തുവന്ന ഒരു കാര്യവും താനെഴുതിയതല്ല. തന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കും. അപ്പോള്‍ കാര്യങ്ങള്‍ എല്ലാവര്ക്കും മനസിലാകും.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡി.സി. ബുക്സും മാതൃഭൂമി ബുക്സും സന്നദ്ധത അറിയിച്ചിരുന്നു. ആലോചിച്ചിട്ട് പറയാമെന്നാണ് അവരെ അറിയിച്ചത്. ആത്മകഥയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജന് വ്യക്തമാക്കി. ജയരാജന് പറയുന്നതു വിശ്വസിക്കുന്നുവെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.






