
ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് പരാഗ്വേയുടെ മുന്നേറ്റം. നാടകീയത മുറ്റി നിന്ന മത്സരത്തില്‍ 2-1 നായിരുന്നു പരാഗ്വേയുടെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഉജ്വലമായ മടങ്ങിവരവാണ് പരാഗ്വേ കാട്ടിയത്. പരാഗ്വേയിലെ ഡിഫെന്‍സേഴ്സ് ഡെല്‍ ചാക്കോ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തിലെ തോല്‍വി തിരിച്ചടിയാകും.
ലൗട്ടാരോ മാര്‍ട്ടിനെസിന്റെ ആദ്യ ഗോളില്‍ മുന്നിലെത്തിയ ലോകചാംപ്യന്മാരെ രണ്ടു പകുതകളില് കണ്ടെത്തിയ ഗോളുകള്‍ക്കാണ് പരാഗ്വേ കെട്ടുകെട്ടിച്ചത്. ഇതോടെ അര്‍ജന്റീനയുടെ എവേ മത്സരങ്ങളിലെ പരാജയം മൂന്നായി ഉയര്‍ന്നു. ആവേശത്തോടെ ആരംഭിച്ച മത്സരത്തിന്റെ 11-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് പാരഗ്വായ് ഗോള്‍കീപ്പറെ മറികടന്ന് ലൗട്ടാരോ മാര്‍ട്ടിനെസിന് നല്കിയ പാസില്‍ അര്‍ജന്റീന മുന്നിലെത്തി. അര്‍ജന്റീനയ്ക്കായി മാര്‍ട്ടിനെസിന്റെ 31-ാമത്തെ ഗോളായിരുന്നു ഇത്. ഗോണ്‍സാലോ ഹിഗ്വെയ്നൊപ്പം രാജ്യത്തെ ടോപ് സ്കോറര്‍മാരില്‍ ഒരാളായി. എന്നാല്‍ പരാഗ്വേ പെട്ടെന്ന് പ്രതികരിച്ചു. 19-ാം മിനിറ്റില്‍ അന്റോണിയോ സനാബ്രിയയുടെ ഉജ്ജ്വലമായ ബൈസിക്കിള്‍ കിക്ക് സ്കോര്‍ 1-1 ആക്കിയത് അര്‍ജന്റീനയുടെ പ്രതിരോധത്തെ അമ്പരപ്പിച്ചു. ഇതോടെ ആതിഥേയര്‍ ഉണര്‍ന്നു.
കൂടുതല്‍ നാടകീയതയോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ഇടവേളയ്ക്ക് തൊട്ടുപിന്നാലെ, ഒമര്‍ അല്‍ഡെറെറ്റെ ഒരു ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടി, പരാഗ്വെ 2-1 ന് മുന്നിലെത്തി. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിട്ടും പരാഗ്വെയുടെ ശക്തമായ പ്രതിരോധം തകര്‍ക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. മെസ്സിക്കും ജൂലിയന്‍ അല്‍വാരസിനും ഒക്കെ മികച്ച അവസരം ലഭിച്ചെങ്കിലും തുറന്നെടുക്കനായില്ല.
തങ്ങളുടെ അവസാന മൂന്ന് എവേ മത്സരങ്ങളും അര്‍ജന്റീന തോറ്റിരിക്കുകയാണ്. സൂപ്പര്‍താരം മെസ്സിക്ക്് തുടര്‍ച്ചയായി നിരാശയുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. ദേശീയ ടീമിന്റെ തോല്‍വിക്കൊപ്പം മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റര്‍ മിയാമിയും ശനിയാഴ്ച അറ്റ്ലാന്റ യുണൈറ്റഡിനോട് അവരുടെ ആദ്യ റൗണ്ട് പരമ്പരയിലെ മൂന്നാം ഗെയിം തോറ്റതിന് ശേഷം പ്ലേ ഓഫില്‍ നിന്ന് പുറത്തായിരുന്നു.






