
കല്‍പ്പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രത്തിന്റെ അവഗണനയ്ക്ക് എതിരേ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ഹര്‍ത്താലില്‍ എല്ലാവരും സഹകരിക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാര്‍ച്ച് നടക്കും.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും വെവ്വേറെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ മന്ദഗതിയിലും ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യത്തില്‍ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ്. ഹര്‍ത്താല്‍.
കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനവും ഇന്ന് നടക്കും. വയനാട് ജില്ലയിലെ ചിലയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളും മറ്റും സര്‍വീസ് നടത്തുന്നുണ്ട്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തില്‍ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുഴുവന്‍ കടകളും ഹര്‍ത്താല്‍ സമയം അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹര്‍ത്താലിനോടുള്ള സമീപനത്തില്‍ വ്യാപാരി വ്യവസായി ഏകാപന സമിതി യോഗം ചേര്‍ന്ന് തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജോജിന്‍ ടി. ജോയി, ജില്ലാ സെക്രട്ടറി കെ. ഉസ്മാന് എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു. പുലര്‍ച്ചെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ അറിയിച്ചു.






