
തുശൂര്‍: പാലക്കാട് ചിത്രത്തില്‍ പോലുമില്ലെങ്കിലും മനസ്സിളക്കം തട്ടാതെ എല്‍ഡിഎഫ് ചേലക്കരയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നു. ചേലക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്. പ്രദീപ് 6000 വോട്ടുകള്‍ക്കാണ് മുന്നിലെത്തിയിരിക്കുന്നത്. രമ്യാഹരിദാസ് രണ്ടാതാണ്. അതേസമയം ചേലക്കരയില്‍ മത്സരിച്ച പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീറിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ചേലക്കരയില്‍ വോട്ടെണ്ണല്‍ രണ്ടു റൗണ്ട് പൂര്‍ത്തിയായപ്പോഴേയ്ക്കും ശക്തികേന്ദ്രങ്ങളിലെല്ലാം ലീഡ് ഉയര്‍ത്താനും ഇടതുപക്ഷത്തിനായി. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ശക്തമായ മുന്നേറ്റം കാഴ്ച വെച്ച പ്രദീപ് വോട്ടെണ്ണല്‍ പുരോഗമിക്കും തോറും ലീഡ് കൂട്ടിക്കൊണ്ടു വന്നു. അതേസമയം ചേലക്കരയില്‍ വോട്ടുവിഹിതം കൂട്ടിയെടുക്കാന്‍ കഴിഞ്ഞത് ബിജെപിയ്ക്ക് ആശ്വാസം നല്‍കുന്നതാകും.
ഇത്തവണ ഉപതെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം പൊതുവേ കുറഞ്ഞുപോയിരുന്നു. ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് മത്സരരംഗത്തുള്ളത്.






