
തുശൂര്‍: ഭരണവിരുദ്ധ വികാരമെന്ന പ്രതിപക്ഷ ആക്ഷേപത്തെ തള്ളി ഉപതെരഞ്ഞെടുപ്പിലും ചേലക്കര എല്‍ഡിഎഫിനൊപ്പം. ഇവിടെ മത്സരിച്ച ഇടതു സ്ഥാനാര്‍ത്ഥി യു.ആര്. പ്രദീപിന്റെ ഭൂരിപക്ഷം 14,000 കടന്നിരിക്കുകയാണ്. ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തിയ യു.ആര്. പ്രദീപ് പടിപടിയായി ലീഡ് ഉയര്‍ത്തുകയായിരുന്നു. ചേലക്കരയില്‍ ന്യൂനപക്ഷ മേഖലകളിലടക്കമാണ് എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയത്.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ 12,574 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ് പ്രദീപ്. വിജയം ഏതാണ്ട് ഉറപ്പിച്ചതോടെ പ്രവര്‍ത്തകര്‍ ആ്ഹ്ളാദപ്രകടനവുമായി നിരത്തില്‍ ഇറങ്ങിക്കഴിഞ്ഞു. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രദീപും രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് മുമ്പിലെത്താനുള്ള അവസരം ചേലക്കര നല്‍കിയില്ലെന്ന് മാത്രമല്ല ശക്തികേന്ദ്രങ്ങളിലെല്ലാം ലീഡ് ഉയര്‍ത്താനും ഇടതുപക്ഷത്തിനായി. പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീറിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഭരണവിരുദ്ധവികാരമുണ്ടെന്ന് പ്രചരണം എവിടെപോയെന്ന് ഇടതു നേതാക്കള്‍ ചോദിച്ചു. ഇത്തവണ ഉപതെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം പൊതുവേ കുറഞ്ഞുപോയിരുന്നു. ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറുമാണ് മത്സരരംഗത്തുള്ളത്.






