
ഇംഫാല്‍/ന്യൂഡല്‍ഹി: മണിപ്പുരില്‍ ജിരിബാമിലെ പുനരധിവാസക്യാമ്പില്നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കുടുംബത്തിലെ ആറുപേരില്‍ മൂന്നുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെവര്ക്കു ദേഹമാസകലം മുറിവേറ്റിരുന്നെന്നും വെടിയേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ആറുപേരുടെയും അവസാനത്തേതെന്നു കരുതുന്ന ഫോട്ടോകള്‍ പുറത്തുവന്നു.
മൂന്നു വയസുകാരനായ ചിങ്കിഗന്ബ സിങ്ങ്, എട്ടു മാസം പ്രായമുള്ള കൈക്കുഞ്ഞ്, ഇവരുടെ അമ്മ എന്നിവരും മറ്റു മൂന്നുപേരും ഒരു വനപ്രദേശത്ത് ഇരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. മൂന്നു വയസുകാരന്റെ ഭാഗികമായി അഴുകിയ മൃതദേഹവും പിന്നീട് മറ്റു മൃതദേഹങ്ങളും ജിരിബാമിലെ നദിയില്‍നിന്നു കണ്ടെടുക്കുകയായിരുന്നു.
മൂന്ന് വയസുകാരന്റെ തലയോട്ടിയില്‍ വെടിയേറ്റ മുറിവുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. നെഞ്ചില്‍ കുത്തേറ്റ പാടുകളും ഒടിവുകളും കൈത്തണ്ടയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുമുണ്ട്. കുട്ടിയുടെ അമ്മ ഹെയ്ടോന്ബി ദേവി(25)യുടെ നെഞ്ചില്‍ മൂന്നും പിന്‍ഭാഗത്തു ഒന്നും വെടിയേറ്റ മുറിവുണ്ട്. മുത്തശ്ശി റാണിദേവി(60)ക്ക് തലയിലും നെഞ്ചിലും വയറിലും കൈയിലുമായി അഞ്ചു വെടിയേറ്റു.
രണ്ടു സ്ത്രീകളുടെയും ശരീരത്തില്‍ പലഭാഗത്തും ആഴത്തിലുള്ള മുറിവുണ്ട്. ഹെയ്ടോന്ബി ദേവിയുടെ സഹോദരി തോയിബി ദേവിയും അവരുടെ എട്ട് വയസുള്ള മകളുമാണ് മരിച്ച മറ്റു രണ്ടുപേര്‍. ജിരിബാമിലെ ബോറോബെക്രയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്ന ഇവരെ തട്ടിക്കൊണ്ടുപോയി വധിച്ചതു കുക്കി തീവ്രാദികളാണെന്നു മണിപ്പുര്‍ സര്‍ക്കാര്‍ പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ പൊട്ടിപ്പുറപ്പെട്ട മെയ്തേയ്-കുക്കി സംഘര്‍ഷത്തെത്തുടര്‍ന്നാണു കുടുംബം ക്യാമ്പിലേക്കു മാറിയത്. 'സോഗം ന്യൂസ്' എന്ന വാട്ട്സ്ആപ്പ് ചാനലിലാണു തട്ടിക്കൊണ്ടുപോകപ്പെട്ട ആറുപേരുടെ ചിത്രങ്ങള്‍ ആദ്യം വന്നത്.
നവംബര്‍ 11ന് കുക്കി സംഘം അസം അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബോറോബക്രയിലെ പോലീസ് സ്റ്റേഷന് ആക്രമിക്കുകയും രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു കുക്കി സംഘമാണ് ആറുപേരെ തട്ടിക്കൊണ്ടുപോയത്. ആക്രമണം നടത്തിയ തീവ്രാവാദികളും സി.ആര്.പി.എഫും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
അതേ സമയം, കൊല്ലപ്പെട്ടവര്‍ 'ഗ്രാമ സന്നദ്ധ പ്രവര്‍ത്തകര്‍' ആണെന്നാണ് കുക്കി സംഘടനകളുടെ നിലപാട്. നവംബര്‍ 7 നു മെയ്തി സംഘാംഗങ്ങള്‍ ഹ്മര്‍ ഗോത്രത്തിന്റെ ഒരു ഗ്രാമം ആക്രമിച്ചതോടെയാണു ജിരിബാമില്‍ പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടത്.






