
ന്യൂഡല്‍ഹി: ഡിസംബര്‍ 20 വരെ നീളുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് തുടക്കം. അനേകം ബില്ലുകള്‍ ഈ സെഷനില്‍ ചര്‍ച്ച ചെയ്തേക്കും. വഖഫ് ഭേദഗതി ബില്ലും ദുരന്തനിവാരണ ഭേദഗതി ബില്ലും ചര്‍ച്ചയ്ക്ക് പരിഗണിച്ചേക്കും. ബാങ്കിംഗ് നിയമ ഭേദഗതി ബില്ലും റെയില്‍വേ നിയമ ഭേദഗതി ബില്ലും ലോക്സഭയില്‍ അവതരിപ്പിക്കും. റെയില്‍വേ നിയമ ഭേദഗതി ബില്ലും അവതരിപ്പിക്കും.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൂടുതല്‍ ആഞ്ഞടിച്ചേക്കാന് സാധ്യതയുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ പാര്‍ട്ടി നേതാക്കളോടും സഹകരണവും പിന്തുണയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അഭ്യര്‍ത്ഥിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് രാവിലെ ഇന്ത്യ ബ്ലോക്കിന്റെ ഫ്ലോര്‍ ലീഡര്‍മാര്‍ പാര്‍ലമെന്റ് ഹൗസില്‍ യോഗം ചേര്‍ന്നു.
ഹരിയാനയിലും മഹാരാഷ്ട്രയിലും എന്‍ഡിഎയുടെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍, സമ്മേളനത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ ശക്തമായി കാണാന്‍ സാധ്യതയുണ്ട്. മറുവശത്ത് ഈ രണ്ടു സംസ്ഥാനങ്ങളിലെയും തിരിച്ചടിയില്‍ പ്രതിപക്ഷം ദുര്‍ബലമായ നിലയിലാണ്. ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അടിവരയിട്ടിരുന്നു.
വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വയനാട് നിന്നും വന്‍ വിജയം നേടി ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കും.






