
തൃശൂര്‍: തടി ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ കര്‍ശന നടപടിക്ക് ഗതാഗതമന്ത്രിയുടെ നിര്‍ദേശം. ഡ്രൈവവുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ലോറിയുടെ റജിസ്ട്രേഷനും ക്യാന്‍സല്‍ ചെയ്യുമെന്നും പറഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്. ഇരുവര്‍ക്കുമെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. അപകടസമയത്ത് ക്ലീനറായിരുന്നു വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മാഹിയില്‍ നിന്നും മദ്യം വാങ്ങിയ പ്രതികള്‍ അവിടം മുതല്‍ മദ്യപിച്ചിരുന്നുവെന്നും കണ്ണൂരില്‍ നിന്ന് ലോറി പുറപ്പെട്ടപ്പോള്‍ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയതെന്നും അപകടത്തിന് ശേഷം അടച്ചിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു.
ലോറിയുടെ ക്ലീനറായ കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവര്‍ ജോസ്(54) എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുമെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ പറഞ്ഞു. ലോറി കിടന്ന സ്ഥലത്തേക്ക് സിറ്റി പോലീസ് കമ്മീഷണറും സംഘവും എത്തി പരിശോധന നടത്തി.
സംഭവത്തില്‍ കമ്മിഷണറും കളക്ടറും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കി. ലോറിയോടിച്ച ക്ലീനര്‍ കണ്ണൂര്‍ സ്വദേശി അലക്സിന് ലൈസന്‍സില്ല. ഡ്രൈവര്‍ ജോസ് ക്ലീനര്‍ അലക്സിന് വണ്ടി കൈമാറിയത് പൊന്നാനിയില്‍ വെച്ചാണ്. അതിനുശേഷമാണ് ഡിവൈഡറും ബാരിക്കേഡും കാണാതെ വാഹനം മുന്നോട്ട് എടുക്കുന്നത്. 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കിടയിലേക്ക് വണ്ടി പാഞ്ഞുകയറിയത്.
പൊതുവിടങ്ങളില്‍ അന്തിയുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തില്‍പ്പെട്ട സംഘത്തോട് മാറി താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നും വിവരമുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ചു സര്‍ക്കാര്‍ തന്നെ വീട്ടിലെത്തിക്കും. സംസ്കാരത്തിനും മരണപ്പെട്ടവര്‍ക്കും സഹായങ്ങള്‍ നല്‍കുമെന്നും കൂടുതല്‍ സഹായങ്ങളും പരിഗണിക്കുമെന്നും റവന്യൂമന്ത്രി കെ രാജന് പറഞ്ഞു.






