
പത്തനംതിട്ട: തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയത പ്രശ്നപരിഹാരം ലക്ഷ്യമിട്ട് നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ കൊച്ചുമോനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ജെനോ മാത്യൂവിന് പകരം ചുമതല നല്കി. വീണ്ടും ലോക്കല്‍ സമ്മേളനം നടത്താനും തീരുമാനമായി. ഈ മാസം ഒമ്പതിന് ലോക്കല്‍ സമ്മേളനം കൂടിയേക്കും.
എം വി ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. തീരുമാനങ്ങള്‍ തിരുവല്ല ഏരിയാ കമ്മിറ്റിയെ അറിയിച്ചു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നതിലാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടിയുണ്ടായത്.പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീതും നൽകി. പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുക്കാൻ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന നിർദേശം നൽകി. ഐസക്കിനെ തോൽപ്പിക്കാൻ വ്യാപമായി പ്രവർത്തിച്ചു തുടങ്ങിയ വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.






