
തൃശൂര്‍: ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേര്‍ന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ പോയി കണ്ടിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനമെന്നും സുധാകരന് പാര്‍ട്ടിവിടുമോ എന്നറിയില്ലെന്നും പറഞ്ഞു.
ആലപ്പൂഴ ഏരിയാ സമ്മേളനത്തില്‍ നിന്നും ജി.സുധാകരനെ ഒഴിവാക്കിയത് വന്‍ വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വം സുധാകരനെ കണ്ടതും. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി സുധാകരന് എന്നും കൂടിക്കാഴ്ചയില്‍ പല കാര്യങ്ങളും വിശദമായി സംസാരിച്ചതായും ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചതായും ഗോപാലകൃഷ്ണന് പറഞ്ഞു.
ജി സുധാകരന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടാലും കോണ്‍ഗ്രസില്‍ പോകാന്‍ കഴിയില്ലെന്നും സുധാകരന്റെ പകുതിമനസ്സ് ബിജെപിക്കാരന്റേതാെണന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വ്യക്തമാക്കി. വീട്ടില്‍ പോയി കണ്ടപ്പോള്‍ സുധാകരന് കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. സിപിഎം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദികള്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറ്റം നടത്തി ആ പാര്‍ട്ടിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ ബിജെപിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന വാദം അദ്ദേഹം അംഗീകരിക്കുന്നുണ്ട്. കൂടിക്കാഴ്ചയില്‍ ഇക്കാരം സംസാരിച്ചപ്പോള്‍ എല്ലാം ജി സുധാകരന് മൗനമായി കേട്ടു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാന്‍ ആവില്ലെന്നും പറഞ്ഞു.
ആലപ്പുഴയില്‍ നടക്കുന്ന അമ്പലപ്പുഴയിലെ ഏരിയാസമ്മേളനത്തില്‍ ജി സുധാകരനെ അവഗണിച്ചിരുന്നു. ഒരു കിലോമീറ്റര്‍ ഉള്ളില്‍ നടന്ന സമ്മേളനം ആയിട്ടും പ്രാദേശിക നേതാവായിട്ടുള്ള പരിഗണന പോലും സുധാകരന് നല്‍കിയിരുന്നില്ല. സമ്മേളനത്തില്‍ പോലും പേരുവെച്ചിട്ടില്ല. ഇത് വലിയ വിവാദമായിരുന്നു. ആലപ്പുഴയിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വേണുഗോപാലും ജി സുധാകരനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.






