
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ദേവാനന്ദ്, ആയുഷ് ഷാജി എന്നിവര്‍ക്ക് ഇന്ന് വിട ചൊല്ലും. ഇരുവരുടെയും സംസ്ക്കാരം ഇന്ന് രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കും. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം എന്നിവരുടെ സംസ്കാര കര്‍മങ്ങള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ആലപ്പുഴ കാവാലത്തെ വീട്ടില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആയുഷ് ഷാജിയുടെ സംസ്കാരം. പാലാ മറ്റക്കരയിലെ തറവാട്ടുവീട്ടില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവാനന്ദിന്റെ സംസ്കാരം നടക്കും. വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന്ശേഷം ഇവരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ജുമാ മസ്ജിദിലാണ് നടന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു 11 പേര് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് അഞ്ചുപേര്‍ മരണമടഞ്ഞത്.
കാര്‍ കുട്ടികള്‍ വാടകയ്ക്ക് എടുത്തതായിരുന്നില്ലെന്നും പരിചയത്തിന്റെ പുറത്ത് നല്കിയതായിരുന്നു എന്നുമാണ് കാറുടമ ഷാമില്‍ ഖാന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്പനക്കാരനായ ഷാമില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു വാഹനം നല്‍കിയതെന്നാണ് പറഞ്ഞത്. മഴകാരണം ബൈക്കില്‍ പോകാന്‍ കഴിയില്ലെന്നും കുട്ടികള്‍ പറഞ്ഞതായി ഇയാള്‍ പറയുന്നു. നിലവില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ കഴിഞ്ഞദിവസം എംവിഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അപകടത്തിലേക്ക് നയിച്ച നാല് കാരണങ്ങളാണ് എംവിഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഴയും വെളിച്ചക്കുറവും, വാഹനത്തിലെ അമിതഭാരം, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം മൂലമുള്ള ബ്രേക്കിംഗ് പിഴവും എയര്‍ബാഗ് ഇല്ലാത്തതുമെല്ലാം അപകടത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.






