
ന്യൂഡല്‍ഹി: പ്രശ്നബാധിത പ്രദേശമായ സംഭല്‍ സന്ദര്‍ശിക്കാനുള്ള യാത്ര ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞതോടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും വയനാട് എംപി പ്രിയങ്കാഗാന്ധിയും ഡല്‍ഹിയിലേക്ക് തിരികെ മടങ്ങി. യുപി ഡല്‍ഹി അതിര്‍ത്തിയിലെത്തിയ രാഹുലിന്റെയും പ്രിയങ്കയുടേയും വാഹനം പൊലീസ് ബസ് കുറുകെയിട്ടു പോലീസ് തടയുകയായിരുന്നു.
പോലീസുകാരുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാതെ വരികയായിരുന്നു. അകമ്പടിയില്ലാതെ ഒറ്റയ്ക്ക് പൊയ്ക്കൊള്ളാമെന്ന നിര്‍ദേശം പോലും അനുവദിക്കപ്പെട്ടില്ല്. രാഹുലും പ്രിയങ്കയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പോലീസ് നടപടി തെറ്റാണെന്ന് വിമര്‍നെം ഉയര്‍ത്തിയ ശേഷമാണ് മടങ്ങാന്‍ തീരുമാനിച്ചത്്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും ആഗ്രഹിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു. പിന്നീട് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഗാസിപ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
മസ്ജിദ് സര്‍വേയെ ചൊല്ലിയുണ്ടായ അക്രമം നടന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടേയും യാത്ര. കോണ്‍ഗ്രസ് നേതാക്കളെ തടയാനുള്ള സന്നാഹങ്ങള്‍ യുപി സര്‍ക്കാര്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ അകമ്പടിയിലാണ് രാഹുലും പ്രിയങ്കയും സംഭാലിലേക്ക് നേരത്തേ ജന്‍പഥില്‍ നിന്നും യാത്ര തിരിച്ചത്.
നേരത്തെ സമാജ്വാദി പാര്‍ട്ടി എംപിമാരുടെ സംഘത്തെ ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. മുഗള്‍ കാലഘട്ടത്തിലെ മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥലത്താണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട ചില ഹര്‍ജികളെ തുടര്‍ന്ന് നിയമപോരാട്ടത്തിന്റെ കേന്ദ്രമാണ്. അക്രമവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്ഐആറില്‍ സമാജ്വാദി പാര്‍ട്ടി പ്രാദേശിക എംപി സിയ ഉര് റഹ്മാന്, സമാജ്വാദി പാര്‍ട്ടി എംഎല്‍എ മഹ്മൂദിന്റെ മകന് സൊഹൈല്‍ ഇഖ്ബാല്‍ എന്നിവരും അജ്ഞാതരായ 700 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പുറത്തുനിന്നുള്ളവരെ പ്രദേശം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസും ഭരണകൂടവും അറിയിച്ചു.
നിരോധനാജ്ഞ ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെന്‍സിയ ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ് പോലീസ് കമ്മീഷണര്‍മാര്‍ക്കും അംറോഹ, ബുലന്ദ്ഷഹര്‍ പോലീസ് സൂപ്രണ്ടുമാര്‍ക്കും കത്തെഴുതുകയും ഗാന്ധിയെ തടയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗാന്ധി സഹോദരങ്ങളെ കൂടാതെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരും പ്രതിനിധി സംഘത്തിലുണ്ട്.






