
ന്യുഡല്‍ഹി: സംഘപരിവാര്‍ ശക്തികളുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയായി രാജ്യം മുഴുവന്‍ ഗോവധ നിരോധനം കൊണ്ടുവരാനുള്ള നീക്കത്തിന് സുപ്രീംകോടതിയുടെ തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇത്തരം നിരോധനങ്ങള്‍ കൊണ്ടുവരാനും വേണ്ടെന്ന് വെയ്ക്കാനുമുള്ള സവിശേഷാധികാരം സംസ്ഥാനങ്ങള്‍ക്കാണെന്ന് സുപ്രീംകോടതി ബഞ്ച് വിധിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കണമെന്നും കന്നുകാലികളെ ഒരു സംസ്ഥാനങ്ങള്‍ തോറും അനധികൃതമായി കൊണ്ടുപോകുന്നതിന് നിരോധനം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസുമാരായ ജെഎസ് ഖേഹര്‍, എന്‍ വി രമണ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവിച്ചത്. വിനീത് സാഹിസ് കൗണ്‍സലിന് വേണ്ടി സമര്‍പ്പിച്ച സര്‍വേശ് ബിസാരിയ എന്നയാളായിരുന്നു ഗോവധ നിരോധനത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്.
പല സംസ്ഥാനങ്ങളും ഗോവധ നിരോധനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങള്‍ ഇത് അനുവദിക്കുന്നുണ്ട്. ഗോവധം അനുവദിക്കാത്ത സംസ്ഥാനങ്ങളില്‍ നിന്നും അനുവദിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പശുക്കളെ വ്യാപകമായി കടത്തുന്നതിന് ഇത് കാരണമാകുന്നതായും ഇക്കാര്യത്തില്‍ ഒരു നയവും ഇല്ലെന്നും ഹര്ജിക്കാരന് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ തന്നെ കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് നിയമങ്ങളും നടപടിക്രമങ്ങളും കൊണ്ടുവരാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കിയിട്ടുള്ളതായി സുപ്രീംകോടതി പറഞ്ഞു.
കേരളം, പശ്ചിമബംഗാള്‍, നാഗാലാന്റ്, മിസോറം, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളാണ് ഗോവധ നിരോധനം നടപ്പാക്കാത്ത ചില സംസ്ഥാനങ്ങള്‍. ഇവിടെ പശുക്കളുടെ മാംസം ഉപയോഗിക്കുകയും റെസ്റ്റോറന്റുകളില്‍ ബീഫ് വില്‍പ്പന നടത്താന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.






